കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപകുമാർ (52) ആണ് മരിച്ചത്
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് തുഖ്ബ സ്ട്രീറ്റ് 20ൽ റോഡിലെ സീബ്ര ലൈനിൽ കൂടി മറുഭാഗത്തേക്ക് പോകാൻ ശ്രമിക്കവേ എതിരെ വന്ന കാർ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കാർ നിർത്താതെ കടന്നുകളഞ്ഞു.
തുഖ്ബയിൽ എ.സി വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഗോപകുമാർ. 16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കൾ: ഗണേഷ്, കാവ്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ നടപടിക്രമങ്ങൾക്ക് കെ.എം.സി.സി തുഖ്ബ പ്രസിഡന്റ് ഉമർ ഓമശ്ശേരി, ഖോബാർ പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.
read more: ദീർഘനാൾ അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ, തമിഴ്നാട് സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
