വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലാണ് സംഭവം

മസ്കത്ത് : സ്വദേശി പൗരന്റെ വീട്ടിൽ നിന്നും റെഡ് ഫോക്സിനെ കണ്ടെത്തിയതായി പരിസ്ഥിതി അതോറിറ്റി അധികൃതർ അറിയിച്ചു. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലാണ് സംഭവം. വീട്ടിൽ നിന്നും കണ്ടെത്തിയ റെ‍ഡ് ഫോക്സിനെ സുരക്ഷിതമായി കാട്ടിലേക്ക് അയച്ചെന്നും അധികൃതർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. റോയൽ ഒമാൻ പോലീസും പരിസ്ഥിതി അതോറിറ്റി അധികൃതരും സംയുക്തമായാണ് വീടിനുള്ളിൽ കയറിയ റെഡ് ഫോക്സ്നെ കണ്ടെത്തിയത്.

read more: ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു

പാരിസ്ഥിതിക സന്തുലനത്തിന്റെയും വന്യ ജീവികളുടെ സ്വാഭാവിക വാസസ്ഥലങ്ങളെ പരി​ഗണിക്കേണ്ടതിന്റെയും ആവശ്യകത പരിസ്ഥിതി അതോറിറ്റി അധികൃതർ എടുത്തു പറഞ്ഞു. ഒമാനിൽ സാധാരണയായി കാണപ്പെടുന്ന ഇരപിടിയൻ വന്യമൃ​ഗങ്ങളിൽപ്പെട്ടതാണ് റെഡ് ഫോക്സുകൾ. ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്ക് സമീപമായാണ് പലപ്പോഴും ഇവ കാണപ്പെടുന്നത്. മാളങ്ങളിൽ വസിക്കുന്ന ഇത്തരം കുറുക്കന്മാർ വേട്ടയാടാൻ വേണ്ടിയാണ് പ്രധാനമായും പുറത്തിറങ്ങുന്നത്. 3 മുതൽ 5 കിലോ വരെ ഭാരം വരുന്ന റെഡ് ഫോക്സുകൾ റാസ് അൽ ഹാദ് പോലുള്ള തീരപ്രദേശ മേഖലകളിലും പൊതുവെ കണ്ടുവരാറുണ്ട്.