ഇത് രണ്ടാം തവണയാണ് പള്ളികളില്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഇമാമില്‍ നിന്നുണ്ടായതെന്നും മന്ത്രാലയം വിശദീകരിച്ചു.
കുവൈത്ത് സിറ്റി: അനുമതിയില്ലാതെ പള്ളിയില്‍ വെച്ച് പണപ്പിരിവിന് ആഹ്വാനം ചെയ്‍ത ഇമാമിനെതിരെ കുവൈത്തില്‍ നടപടി. കൈഫാന്‍ പള്ളിയിലെ (Kaifan Mosque) ഇമാമിനെ പള്ളിയില്‍ പ്രഭാഷണം നടത്തുന്നതില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‍പെന്റ് ചെയ്‍തതായി കുവൈത്തിലെ ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‍സ് മന്ത്രാലയം (Ministry of Awqaf and Islamic Affairs, Kuwait) അറിയിച്ചു.
ഇമാമിനെതിരെ നടപടിയെടുത്ത വിവരം മന്ത്രാലയം തന്നെയാണ് വിശദീകരിച്ചത്. പള്ളിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പണപ്പിരിവിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇത് രണ്ടാം തവണയാണ് പള്ളികളില്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഇമാമില്‍ നിന്നുണ്ടായതെന്നും മന്ത്രാലയം വിശദീകരിച്ചു.
പള്ളികളില്‍ പാലിക്കേണ്ട നിബന്ധനകള്‍ക്ക് വിരുദ്ധമായിരുന്നു ഇമാമിന്റെ പ്രവൃത്തി. നേരത്തെ നിയമലംഘനം നടത്തിയപ്പോള്‍ ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം എഴുതി നല്‍കിയിരുന്നതായും മന്ത്രാലയം അറിയിച്ചു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഇമാമിനെതിരെ നടപടിയെടുത്തതെന്നും മറിച്ച് അനുമതിയില്ലാതെ പള്ളിയില്‍ പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ടാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.
സുല്‍ത്താന്റെ നിര്‍ദേശം; ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു, പുതിയ നിരക്കുകള്‍ ഇങ്ങനെ
മസ്‍കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചു. മസ്‍കത്ത്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ ശൈഖുമാരുമായി ഞായറാഴ്‍ച നടത്തിയ കൂടിക്കാഴ്‍ചയ്‍ക്കിടെയായിരുന്നു വിസാ നിരക്കുകള്‍ കുറയ്‍ക്കാന്‍ ഭരണാധികാരി നിര്‍ദേശം നല്‍കിയത്.
വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയും ചെയ്‍തു. ഈ വര്‍ഷം ജൂണ്‍ ആദ്യം മുതലായിരിക്കും ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും.
നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 251 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.
നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആയിരിക്കും പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്.
