അനുവാദമില്ലാതെ വീഡിയോ എടുക്കുന്നതിനെ ദമ്പതികൾ ചോദ്യം ചെയ്തു. അപ്പോൾ പ്രതിയായ യുവതി അസഭ്യം പറയുകയും വീഡിയോ പകർത്തൽ തുടരുകയും ചെയ്തു. 

റിയാദ്: സൗദി അറേബ്യയിലെ ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തിയ യുവതിക്ക് തടവുശിക്ഷ. ജിദ്ദയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ദമ്പതികളും പ്രതിയായ യുവതിയും സൗദി പൗരന്മാരാണ്. ജിദ്ദ ക്രിമിനൽ കോടതിയാണ് യുവതിക്ക് 48 മണിക്കൂർ തടവ് ശിക്ഷ വിധിച്ചത്. 

Read also: നബിദിനം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

ജിദ്ദ ബീച്ചിലെ റെസ്റ്റോറന്റിൽ സ്വദേശി പൗരനും ഭാര്യയും ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. റസ്റ്റോറന്റില്‍ വെച്ച് ഇവരുടെ ദൃശ്യങ്ങൾ മറ്റൊരു യുവതി മൊബൈൽ കാമറയിൽ പകർത്താൻ തുടങ്ങി. അനുവാദമില്ലാതെ വീഡിയോ എടുക്കുന്നതിനെ ദമ്പതികൾ ചോദ്യം ചെയ്തു. അപ്പോൾ പ്രതിയായ യുവതി അസഭ്യം പറയുകയും വീഡിയോ പകർത്തൽ തുടരുകയും ചെയ്തു. തങ്ങളുടെ സ്വകാര്യത ലംഘിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത യുവതിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശി പൗരൻ കോടതിയെ സമീപിക്കുകയായിരുന്നു. 

Read also: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അജ്ഞാത ഡ്രോണുകള്‍; ഒന്നിനെ പിടികൂടി, പിന്നിലാരെന്ന് കണ്ടെത്താന്‍ അന്വേഷണം

കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചതിനാണ് യുവതിക്ക് ശിക്ഷ നൽകിയതെന്നും ഭാവിയിൽ ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കില്ലെന്ന് പ്രതി പ്രതിജ്ഞയെടുക്കണമെന്നും കോടതി വിധിച്ചു. പരാതിക്കാരന്റെയും ഭാര്യയുടെയും വീഡിയോ എടുത്തതായി സമ്മതിച്ചെങ്കിലും അവരെ ചീത്ത വിളിച്ചിട്ടില്ലെന്ന് യുവതി കോടതിയെ ധരിപ്പിച്ചു. തനിക്കെതിരെ ദമ്പതികളുടെ ഭാഗത്തു നിന്നുണ്ടായ ആക്ഷേപകരമായ വാക്കുകളുടെ തെളിവായാണ് വീഡിയോ ചിത്രീകരിച്ചതെന്നും അവർ ന്യായീകരിച്ചെങ്കിലും അനുവാദമില്ലാതെ വീഡിയോ എടുത്തതിനും അന്യരായ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചതിനും പ്രതിയെ ശിക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി.

Read also:  വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്