വിധി ആശ്വാസകരമാണെന്ന് നിയമസഹായ സമിതി പ്രതികരിച്ചു. ഒരു വർഷത്തിനകം ജയിൽ മോചനം ഉണ്ടാകും.

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് മാതാവ് ഫാത്തിമ. അബ്ദുൽ റഹീം കേസിൽ നിർണായകമായ വിധിയാണ് ഇന്നുണ്ടായത്. സ്വന്തം മകനെ കണ്ടാലേ ആശ്വാസമാകൂയെന്നും മരിക്കും മുമ്പേ റഹീമിനെ കാണണമെന്നും ഉമ്മ ഫാത്തിമ പറഞ്ഞു. 

അതേസമയം വിധി ആശ്വാസകരമാണെന്ന് നിയമസഹായ സമിതി പറഞ്ഞു. ഒരു വർഷത്തിനകം ജയിൽ മോചനം ഉണ്ടാകും. വിധി പകർപ്പ് വന്നാൽ മാത്രമേ ബാക്കി വിവരം ലഭിക്കൂ. സുപ്രീംകോടതിയിൽ പോയി വിധി സ്റ്റാമ്പ് ചെയ്തു വരണം. അതിന് ഒരു മാസം സമയം എടുക്കും. പൊതുഅവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരം 20 വർഷത്തേക്കാണ്​ തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 9.30ന്​​ നടന്ന സിറ്റിങ്ങിലാണ്​ തീർപ്പുണ്ടായത്​. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.

റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിന്റെ തടവുകാലം 19-ാം വർഷത്തിലാണ്. റഹീമിന് അടുത്ത വർഷം മോചനമുണ്ടാകും. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽ നിന്ന്​ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പ​ങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്​. ഒറിജിനൽ കേസ്​ ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണം എന്ന്​ പറഞ്ഞാണ്​ അന്ന്​ കേസ്​ മാറ്റിവെച്ചത്​. സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ്​ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച്​ വാദി ഭാഗം മാപ്പ്​ നൽകിയതോടെ ഒമ്പത്​​ മാസം മുമ്പ്​ ഒഴിവായത്​. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാത്തതാണ്​ ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കിയിരുന്നത്​​. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒമ്പത്​ മാസത്തിനിടെ 13 സിറ്റിങ്ങാണ്​ നടന്നത്​. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം