ഐക്യദാർഢ്യ ദിനം ആചരിച്ച് യുഎഇ. അബുദാബിയിൽ നാലുവർഷം മുമ്പ് ഹൂതി വിമതർ നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ‘ഐക്യദാർഢ്യ ദിനം’ ആചരിക്കുന്നത്.
അബുദാബി: ഇന്ന് യുഎഇ‘ഐക്യദാർഢ്യ ദിനം’ ആചരിക്കും. ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തിപ്പിടിക്കാനും ജനത കാട്ടിയ ഐക്യദാർഢ്യത്തിന്റെ ഓർമ പുതുക്കൽ ദിനമാണ് ഇന്ന്. രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും വെല്ലുവിളികളെ നേരിടാനുള്ള സന്നദ്ധതയുടെയും ശക്തമായ തെളിവാണ് ഈ അവസരം. അബുദാബിയിൽ നാലുവർഷം മുമ്പ് ഹൂതി വിമതർ നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ‘ഐക്യദാർഢ്യ ദിനം’ ആചരിക്കുന്നത്.
ഇന്ന് യുഎഇയിൽ ഉടനീളം വിപുലമായ എയർഷോ നടക്കും. ഓരോ എമിറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായാണ് പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പടെ ആകാശത്ത് അണിനിരക്കുക. അബുദാബിയിൽ വൈകിട്ട് 4.35ന് ഹെലികോപ്റ്ററുകളും പോർവിമാനങ്ങളും എത്തും. ദുബൈയിൽ 4.43നും 5.20നുമാണ് എത്തുക. ജെ.ബി.ആറിലാണ് ഷോ. ഷാർജ ബുഹൈറ കോർണിഷിൽ 4.44, 5.30 എന്നീ സമയങ്ങളിലും അജ്മാൻ ബീച്ചിൽ 4.45നും 5.34നും ഉമ്മൽ ഖുവൈനിൽ 4.46നും 5.42നും റാസ് അൽ ഖൈമ അൽ ഖവാസിം കോർണിഷിൽ 4.51നും 6നും ഫുജൈറ അംബ്രല്ല ബീച്ചിൽ 4.39നും 5.04നും ഷോ കാണാം.
ഐക്യദാർഢ്യ ദിനത്തിൽ ഒപ്പം ചേരാൻ യുഎഇ പ്രതിരോധ മന്ത്രി കൂടിയായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സ്വദേശികളോടും പ്രവാസികളോടും ഒരുപോലെയാണ് ആഹ്വാനം. ഹൂതികൾ അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ പതറാതെ നിന്ന ജനതയുടെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്ന്. 2022ലായിരുന്നു അബുദാബിയിൽ ഹൂതികളുടെ ആക്രമണം. മുസഫയിലെ ഐസിഎഡി 3 യിലും അബുദാബി എയർപോർട്ട്
നിർമ്മാണ സ്ഥലത്തും നടന്ന ആക്രമണത്തിൽ മൂന്ന് സാധാരണക്കരാണ് മരിച്ചത്. പെട്രോൾ ടാങ്കർ സ്ഫോടനവുമുണ്ടായി. പതറാതെ അടിയുറച്ചു നിന്ന ജനതയുടെ ഓർമ്മ പുതുക്കാനാണ് ദേശീയപതാകയ്ക്ക് കീഴിൽ അണിനിരക്കാനും രാജ്യത്തിന്റെ നേട്ടങ്ങളെയും അന്തസ്സിനെയും ഉർത്തിപ്പിടിക്കാനും ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 11 മണിക്ക് ദേശീയ ചാനലുകൾ വഴി യു.എ.ഇ ദേശീയഗാനം സംപ്രേക്ഷണം ചെയ്യും. രാജ്യത്തോടുള്ള പ്രതിജ്ഞ പുതുക്കുന്ന ദിനം കൂടിയാണ് ഇന്ന്. രാജ്യത്തിന്‍റെ കരുത്തിന്‍റെയും ദൃഢതയുടെയും ഐക്യത്തിന്‍റെയും ദിനമായാണ് ജനുവരി 17 യുഎഇ ആചരിക്കുന്നത്.


