സൗദി അറേബ്യയിലെ ഹാഇൽ നഗരത്തിലുള്ള 'അൽ ഉലയ' എന്ന പുരാതന ഗ്രാമം ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രം പറയുന്നു. നജ്ദ് വാസ്തുവിദ്യയുടെ മനോഹാരിത വിളിച്ചോതുന്ന കളിമൺ വീടുകളും ഇടുങ്ങിയ ഇടവഴികളും സന്ദർശകർക്ക് ഭൂതകാലത്തിലേക്ക് ഒരു യാത്ര സമ്മാനിക്കുന്നു. പൈതൃക സംരക്ഷണത്തിലൂടെ ഈ പ്രദേശം ഒരു പ്രധാന സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.
റിയാദ്: സമയം പുറകോട്ട് സഞ്ചരിക്കുന്ന അപൂർവ്വം ചില ഇടങ്ങളുണ്ട്; ഭൂതകാലത്തിെൻറ സ്പന്ദനങ്ങൾ കാറ്റിൽ പോലും തൊട്ടറിയാൻ കഴിയുന്ന ചരിത്രഭൂമികൾ. സൗദി അറേബ്യയിലെ ഹാഇൽ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന 'അൽ ഉലയ' എന്ന പുരാതന ഗ്രാമത്തിലൂടെ നടക്കുമ്പോൾ ആ അനുഭവമാണ് നമ്മെ പൊതിയുന്നത്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥകളും പേറി, നഗരത്തിെൻറ സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിൽ ഒരു പൈതൃക രത്നമായി തിളങ്ങിനിൽക്കുകയാണ് ഈ ചരിത്ര പ്രദേശം.
പഴയകാല നജ്ദ് മേഖലയുടെ തനത് വാസ്തുവിദ്യാ മനോഹരിത വിളിച്ചോതുന്ന കളിമൺ വീടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. പരസ്പരം തോളുരുമ്മി നിൽക്കുന്ന വീടുകളും, സന്ദർശകരെ സ്വാഗതം ചെയ്യുന്ന മനോഹരമായ പ്ലാസ്റ്റർ കൊത്തുപണികളും പരമ്പരാഗത അലങ്കാരങ്ങളും നിറഞ്ഞ 'മജ്‌ലിസുകൾ' (വിശ്രമമുറികൾ) ഏതു സഞ്ചാരിയുടെയും മനംകവരും.
അൽ ഉലയയിലെ ഇടുങ്ങിയ ഇടവഴികളിലൂടെ വെറുതെ നടക്കുമ്പോൾ, വണ്ടിച്ചക്രങ്ങൾ തീർത്ത പൊടിപടലങ്ങൾക്കും മൺചുവരുകളുടെ തണുപ്പിനുമിടയിൽ പഴയകാല ഹാഇൽ ജനതയുടെ സാമൂഹിക ജീവിതത്തിന്‍റെ ഇരമ്പലുകൾ നമുക്ക് കേൾക്കാം. ഹാഇൽ നഗരത്തിന്‍റെ പ്രാദേശിക തനിമ വെളിവാക്കുന്ന ഈ വാസ്തുവിദ്യാ അത്ഭുതം, കേവലം ഒരു ചരിത്രശേഷിപ്പ് മാത്രമല്ല. പൈതൃക സംരക്ഷണത്തിലും പുനരുദ്ധാരണത്തിലും അധികാരികൾ കാണിക്കുന്ന സവിശേഷ ശ്രദ്ധ ഈ ചരിത്രഭൂമിയുടെ സാംസ്കാരികവും വിനോദസഞ്ചാരപരവുമായ മൂല്യം ഇരട്ടിയാക്കുന്നു. ഭൂതകാലത്തിന്‍റെ ഓർമ്മച്ചെപ്പും വർത്തമാനകാലത്തിന്‍റെ വിനോദസഞ്ചാര സാധ്യതകളും ഒത്തുചേരുമ്പോൾ, സഞ്ചാരികൾക്ക് അൽ ഉലയ സമ്മാനിക്കുന്നത് അപൂർവ്വമായ ഒരു കാലയാത്ര തന്നെയാണ്.


