രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജന്മാരെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ  കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് നടതതുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന എല്ലാവര്‍ക്കും ഒരുപോലെ ബാധകം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ എഞ്ചിനീയര്‍മാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിബന്ധനകളില്‍ ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. അടുത്തിടെ മാത്രം ജോലി തുടങ്ങിയവര്‍ മുതല്‍ 40 വര്‍ഷത്തോളമായി ജോലി ചെയ്യുന്നവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജന്മാരെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സാണ് പരിശോധന നടത്തുന്നത്. അറബ്, വിദേശ സര്‍വകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്‍മ പരിശോധനയ്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമാക്കുക വഴി, യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ മാത്രമാണ് കുവൈത്തില്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണ് ശ്രമം.

Read also: താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി രാത്രിയിലും പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

പാലസ്‍തീന്‍ സ്വദേശിയായ 84 വയസുകാരന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും അടുത്തിടെ നടന്ന ഒരു പരിശോധനയില്‍ അംഗീകാരത്തിനായി പരിഗണിച്ചിരുന്നു. 48 വര്‍ഷമായി കുവൈത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹത്തെ അക്രഡിറ്റേഷന്‍ നടപടികളുടെ ഭാഗമായി പ്രത്യേക അഭിമുഖത്തിന് വിധേയമാക്കുകയും ചെയ്‍തു. 
സോവിയറ്റ് യൂണിയനില്‍ നിന്ന് എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി 1974 മുതല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ആദ്യമായാണ് കുവൈത്തിലെ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വഴി പരിശോധിച്ച ശേഷം പ്രത്യേക കമ്മിറ്റിക്ക് മുന്നില്‍ അഭിമുഖത്തിനും ഹാജരായ ശേഷമാണ് അംഗീകാരം നല്‍കുന്നത്. 

രാജ്യത്തെ എഞ്ചിനീയര്‍മാര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കുമ്പോള്‍ തന്നെ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിയിലും അതുവഴി ഉറപ്പാക്കുന്ന സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‍സ് മേധാവി ഫൈസല്‍ അല്‍ അത്‍ല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജന്മാരെ പുറത്താക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read also:  കുവൈത്തില്‍ മയക്കുമരുന്ന് കടത്ത് പ്രതിരോധിക്കുന്നതിനിടെ വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്