അതിപ്രാചീന മനുഷ്യരുടെ ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് 'സ്നേക്ക് പേഴ്സണ്‍' പ്രതിമ. 

കുവൈത്ത് സിറ്റി: മരുഭൂമിയില്‍ ഖനനത്തിനിടെ കണ്ടെത്തിയത് വിചിത്രമായൊരു രൂപം. വടക്കന്‍ കുവൈത്തിലെ അല്‍ സുബൈയ്യ മരുഭൂമിയിലെ ഒരു സ്ഥലത്ത് കുവൈത്തി-പോളിഷ് പുരാവസ്തുഗവേഷകര്‍ നടത്തിയ ദൗത്യത്തിനിടെയാണ് കളിമണ്ണിലുണ്ടാക്കിയ ഈ പ്രത്യേക രൂപം കണ്ടെത്തിയത്. എന്നാല്‍ ഇതിന് പിന്നിലെ ചരിത്രം കൗതുകമുണര്‍ത്തുന്നതാണ്. 

ബിസിഇ 5500നും 4900നും ഇടയില്‍ മേഖലയില്‍ ജീവിച്ചിരുന്ന അതിപ്രാചീന മനുഷ്യരുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതാണിത്. നീളമേറിയ തലയോട്ടി, പരന്ന മൂക്ക്, ചെറിയ ഇടുങ്ങിയ കണ്ണുകള്‍ എന്നിവയുള്ള ഈ ചെറിയ പ്രതിമക്ക് വായ ഇല്ല. ഇത് ഉബൈദ് സംസ്കാരത്തില്‍ സാധാരണയായി നിര്‍മ്മിക്കാറുള്ള 'സ്നേക്ക് പേഴ്സണ്‍' പ്രതിമകളുടെ മറ്റൊരു ഉദാഹരണമായാണ് കണക്കാക്കുന്നത്. 7,500 വര്‍ഷം പഴക്കമുണ്ട് ഈ പ്രതിമക്കെന്നാണ് കരുതപ്പെടുന്നത്. 

പടിഞ്ഞാറന്‍ ഏഷ്യയില്‍ വ്യാപകമായിരുന്ന ഉബൈദ് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പരമപ്രധാനമായ തെളിവായാണ് ബഹ്റ 1 സൈറ്റില്‍ കണ്ടെത്തിയ ഈ സവിശേഷ പ്രതിമയെ കരുതുന്നതെന്ന് 'സയന്‍സ് അലര്‍ട്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രതിമ കണ്ടെത്തിയതോടെ ഇതിന്‍റെ ആവശ്യത്തെ കുറിച്ചും കൗതുകകരമായ ചോദ്യങ്ങളും ഉയരുകയാണ്. എന്തായിരിക്കും ഈ പ്രതിമ നിര്‍മ്മിച്ചതിന്‍റെ ഉദ്ദേശമെന്നും ഇനി ഇത് എന്തിന്‍റെയെങ്കിലും പ്രതീകമാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഈ പ്രതിമ, പൗരാണിക മനുഷ്യരുടെ ആചാരങ്ങളുടെയും മൂല്യങ്ങളുടെയും പ്രതീകമാകാനാണ് സാധ്യതയെന്ന് പുരാവസ്തുഗവേഷകനായ പിയോറ്റര്‍ ബിലിന്‍സ്കി അടുത്തിടെ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. മനുഷ്യരാശിയുടെ ആദ്യകാല നാഗരികതയായി കണക്കാക്കപ്പെടുന്ന സുമേറിയൻസിനും മുമ്പ് തന്നെ ഉബൈദ് മനുഷ്യര്‍ നാഗരികതക്ക് നിരവധി അടിത്തറകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വ്യാപാര ശൃംഖലകള്‍, ജലസേചന സംവിധാനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇന്നത്തെ ഇറാഖിലും കുവൈത്തിലുമായി ഉയര്‍ന്നുവരുന്നുണ്ട്. ഇവിടങ്ങളില്‍ കണ്ടെടുക്കുന്ന സവിശേഷ രീതിയിലുള്ള മൺപാത്രങ്ങളിലൂടെയും മറ്റ് വസ്തുക്കളിലൂടെയുമാണ് ഈ സംസ്കാരത്തിനെ കൂടുതല്‍ അടുത്തറിയുന്നത്. 2009 മുതല്‍ ആദ്യകാല ഉബൈദ് പീരിയഡ് എന്ന് അറിയപ്പെടുന്ന ബഹ്റ 1 പ്രദേശം ശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ വിശിഷ്ടമായ പുരാവസ്തു സവിശേഷതകളാണ് പ്രദേശത്തെ ശ്രദ്ധേയമാക്കുന്നത്. കള്‍ട്ടിക് ബില്‍ഡിങ്' എന്ന് വിശേഷിപ്പിക്കുന്ന നിര്‍മ്മിതികളും ഈ കാലഘട്ടത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ആര്‍ക്കിട്ടെക്ചറും ഇതിലുള്‍പ്പെടുന്നു. 

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉബൈദ് സംസ്കാരം സുമേറിയന്‍സിനും മുമ്പുള്ളതാണ്. ഇവരുടേതായി അടയാളപ്പെടുത്തുന്ന എഴുതപ്പെട്ട രേഖകളില്ല. എന്നാല്‍ ഇവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഭൗതികമായ അവശിഷ്ടങ്ങളില്‍ നിന്നാണ് ഉബൈദ് സംസ്കാരത്തെ ഇന്ന് കൂടുതല്‍ അറിയുന്നത്. മേഖലയില്‍ ആദ്യമായി കൃഷി, വ്യാപാരം, നാഗരികതയുടെ ആദ്യ രൂപങ്ങള്‍ എന്നിവ സ്ഥാപിച്ചത് ഉബൈദ് മനുഷ്യരാണെന്നാണ് കരുതപ്പെടുന്നത്. പിന്നീടുണ്ടായ മെസപ്പൊട്ടോമിയന്‍ നാഗരികതയ്ക്ക് അടിത്തറ പാകിയത് ഉബൈദ് മനുഷ്യരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം