ഇൻസ്റ്റാഗ്രാം വഴി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിയെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരെ വാഗ്ദാനം ചെയ്ത് അഡ്വാൻസ് തുക കൈപ്പറ്റിയ ശേഷം ഇവർ ഉപഭോക്താക്കളെ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഒന്നിലധികം പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാം വഴി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് തട്ടിപ്പ് നടത്തി വൻ തുക തട്ടിയെടുത്ത ഏഷ്യൻ വംശജയായ യുവതിയെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഡിറ്റക്ടീവ് സംഘം നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്. തങ്ങൾ ഒരു അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസിയാണെന്ന് വരുത്തിത്തീർക്കാനായി ഇവർ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വീട്ടുജോലിക്കാരെ തിരയുന്ന ആളുകളെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ജോലിക്കാരുടെ വ്യാജ ചിത്രങ്ങളും വ്യാജ കരാർ പത്രങ്ങളും അയച്ചുകൊടുത്ത് വിശ്വസിപ്പിച്ച ശേഷം, അഡ്വാൻസ് തുകയായി ഓരോ ഇരകളിൽ നിന്നും 300 മുതൽ 500 കുവൈറ്റ് ദിനാർ വരെ ഇവർ കൈപ്പറ്റിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ പണം ബാങ്ക് അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞയുടൻ ഇവർ ഉപഭോക്താക്കളെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ഫോൺ ഓഫാക്കി അപ്രത്യക്ഷമാവുകയുമായിരുന്നു. ഇതോടെയാണ് തങ്ങൾ വഞ്ചിതരായ വിവരം സ്വദേശികൾ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട അഞ്ച് കുവൈത്ത് സ്വദേശികൾ മുബാറക് അൽ-കബീർ പൊലീസ് സ്റ്റേഷനിൽ ഒരേസമയം നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിന് കൈമാറിയത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇരകളുടെ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ്, പ്രതിയെ കൃത്യമായി കണ്ടെത്തുകയും വിജയകരമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തട്ടിപ്പ് നടത്താൻ ഉപയോഗിച്ചതായി കരുതുന്ന നാല് മൊബൈൽ ഫോണുകളും നിരവധി വ്യാജ സിം കാർഡുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളിൽ വീഴരുതെന്ന് കുവൈത്ത് സുരക്ഷാ അധികൃതർ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.