വിദേശത്ത് നിന്ന് 370 ഗ്രാം കൊക്കെയ്‍നാണ് ഇയാള്‍ കുവൈത്തിലേക്ക് എത്തിച്ചത്. എക്സ്പ്രസ്‍ മെയില്‍ വഴി എത്തിയ ഒരു ഹെഡ്‍ഫോണ്‍ സെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. 

കുവൈത്ത് സിറ്റി: ഹെഡ്ഫോണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി. 35 വയസുള്ള സ്വദേശിയെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തത്.

വിദേശത്ത് നിന്ന് 370 ഗ്രാം കൊക്കെയ്‍നാണ് ഇയാള്‍ കുവൈത്തിലേക്ക് എത്തിച്ചത്. എക്സ്പ്രസ്‍ മെയില്‍ വഴി എത്തിയ ഒരു ഹെഡ്‍ഫോണ്‍ സെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് ഹെഡ്‍ഫോണിനുള്ളില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവാവ് പാര്‍സല്‍ സ്വീകരിക്കാനെത്തുന്നത് വരെ ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ഇയാള്‍ സ്ഥലത്തെത്തി മയക്കുമരുന്ന് അടങ്ങിയ പാര്‍സര്‍ സ്വീകരിച്ചതോടെ അറസ്റ്റ് ചെയ്‍ത് ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയായിരുന്നു.