പള്ളിയുടെ മുറ്റങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഈ കുടയ്ക്ക് കീഴിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് നിസ്കരിക്കാവുന്നതാണ്.
മദീന: മദീനയിലെ പ്രവാചക പള്ളിയിൽ എത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും ചൂടിൽ നിന്ന് ആശ്വാസമേകി ഓട്ടോമേറ്റഡ് കുടകൾ. പള്ളിയുടെ മുറ്റത്തായി 250ഓളം ഓട്ടോമേറ്റഡ് കുടകളാണ് സ്ഥാപിച്ചിരിക്കുന്നത്. തണലും തണുപ്പേറിയ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ഈ കുടകൾ സ്വയം പ്രവർത്തിക്കുന്ന നിലയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് സന്ദർശകർക്ക് പ്രാർത്ഥനാ കർമം നിർവഹിക്കുന്നത് കൂടുതൽ സുഖകരമാക്കുന്നു.
പള്ളിയുടെ മുറ്റങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഈ കുടയ്ക്ക് കീഴിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് നിസ്കരിക്കാവുന്നതാണ്. ഓരോ ഘടനയിലും രണ്ട് ഓവർലാപ്പിങ് വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഈ കുടകൾക്ക് 25.5 മീറ്റർ മുതൽ 25.5 മീറ്റർ വരെ നീളവും 22 മീറ്റർ ഉയരവും ഉണ്ട്. മസ്ജിദിന്റെ വാസ്തുവിദ്യാ ശൈലിയിൽ രൂപപ്പെടുത്തിയിട്ടുള്ള ഈ കുടകൾ മദീനയിലെ മാറി വരുന്ന കാലാവസ്ഥയെയും ചെറുക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. കാർബൺ ഫൈബർ കൊണ്ടുള്ള കൈകളാണ് ഓരോ കുടയിലുമുള്ളത്. മൊസൈക് പാറ്റേണുകൾ കൊണ്ടാണ് അലങ്കാരം. മാര്‍ബിള്‍ പതിച്ച കാലുകളിലാണ് കുട സ്ഥാപിച്ചിട്ടുള്ളത്. ഓരോ കുടകൾക്കും 40 ടണ്ണോളം ഭാരം വരും. വായുവിനെ തണുപ്പിക്കാനായി 436 ഫാനുകളും ഉണ്ട്. പ്രാത്ഥനാ കർമങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ആയിരത്തോളം ലൈറ്റ് യൂണിറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ഒരു കുടക്ക് കീഴിൽ 900 വിശ്വാസികൾക്ക് പ്രാർത്ഥനാ കർമങ്ങൾ നിർവഹിക്കാം. ഒരു ലക്ഷത്തി നാല്‍പത്തി മൂവായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഇതിന്റെ തണല്‍ ലഭിക്കും. ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രവര്‍ത്തനം. രാവിലെ തുറക്കുന്ന കുട വൈകിട്ട് സൂര്യന്‍ അസ്തമിക്കുന്നതോടെ അടയുകയും ചെയ്യും.
ഇസ്ലാം മതവിശ്വാസത്തിലെ പുണ്യ സ്ഥലങ്ങളിൽ ഒന്നായ പ്രവാചക പള്ളിയിലെത്തുന്നവർക്ക് മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യാനും യാതൊരു തടസ്സവുമില്ലാതെ പ്രാർത്ഥന കർമങ്ങൾ നിർവഹിക്കാനുമാണ് ഓട്ടോമേറ്റഡ് കുടകൾ സ്ഥാപിച്ചിരിക്കുന്നത്. മുറ്റത്ത് നമസ്കരിക്കുന്നവരെ വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് എത്തുന്ന വിശ്വാസികൾക്കാണ് ഇത് കൂടുതലും ഗുണം ചെയ്യുന്നത്.
read more: സൗദി അറേബ്യയിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ റിസർവുകളിൽ വിട്ടയച്ചു
