മനാമ: ബഹ്‌റൈനില്‍ ഫ്ലെക്സി വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായം പരിഷ്‌കരിക്കാന്‍ മന്ത്രാസഭാ യോഗത്തില്‍ തീരുമാനം. ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുമ്പോട്ട് വെച്ച നിര്‍ദ്ദേശങ്ങളാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

ഫ്ലെക്സി വിസക്കാര്‍ക്ക് അനുവാദമുള്ള മേഖലകളില്‍ മാത്രമെ ഇത്തരം വിസക്കാരെ ജോലി ചെയ്യിപ്പിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുള്ളൂ. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഫ്ലെക്സി വിസയ്ക്കായി അപേക്ഷിച്ചവര്‍ അത് ലഭിച്ച ശേഷം മാത്രമെ ജോലി ചെയ്യാന്‍ പാടുള്ളൂ.  

ഫ്ലെക്സി പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് 20 വിഭാഗം തൊഴിലുകളിലാണ് ഏര്‍പ്പെടാനാവുക. ഫ്ലെക്സി വിസയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും ചിട്ടപ്പെടുത്തുന്നതിന് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം,വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, പൊതുമരാമത്ത്-മുന്‍സിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം. വൈദ്യുത-ജലകാര്യ മന്ത്രാലയം, എല്‍എംആര്‍എ, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വിദ്യാഭ്യാസ ഗുണനിലവാര അതോറിറ്റി എന്നിവയില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്ന സമിതിയെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.