ഇത് രണ്ടാം തവണയാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വെച്ചതും പാർലമെന്‍റ്  ഏകകണ്ഠമായി തന്നെ അംഗീകരിച്ചതും.

മനാമ: പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഒരു വര്‍ഷം മുമ്പ് ഇതേ നിർദേശം പാർലമെന്‍റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചിരുന്നെങ്കിലും ശൂറ കൗണ്‍സിൽ തള്ളിയിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വെച്ചതും പാർലമെന്‍റ് ഏകകണ്ഠമായി തന്നെ അംഗീകരിച്ചതും.

ശൂറ കൗണ്‍സിൽ ഇത്തവണയും നിര്‍ദ്ദേശം നിരസിച്ചാല്‍ വിഷയം ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തില്‍ വോട്ടിനിടും. നികുതിയില്‍ നിന്നുള്ള വരുമാനത്തിലൂടെ രാജ്യം എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനാകമെന്നും ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ നാട്ടിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ പണം അയയ്ക്കുന്നതിന് പകരം ബഹ്റൈനില്‍ തന്നെ ഈ പണം ചെലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ തീരുമാനമെന്ന് പാര്‍ലമെന്‍റിന്‍റെ സാമ്പത്തിക കാര്യ സമിതി ചെയര്‍മാൻ അഹ്മദ് അല്‍ സല്ലൂം പറഞ്ഞു. ദശലക്ഷക്കണക്കിന് ദിനാറാണ് രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്നതെന്നും നികുതി നീക്കം ഇത് കുറയ്ക്കുമെന്നും സമിതി പ്രതിനിധി സൈനബ് അബ്ദുലാമീര്‍ പറഞ്ഞു.

Read Also - ലിസ്‌റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ സാന്നിധ്യം; ആരോഹെഡ് ബ്രാൻഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി അധികൃതർ

അതേസമയം ഈ നീക്കം ഗുണത്തേക്കാളേറേ ദോഷമാണ് വരുത്തുകയെന്നും വിഷയം അപ്രായോഗികമാണെന്നും സാമ്പത്തികകാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്കതി അഭിപ്രായപ്പെട്ടു. രണ്ട് ശതമാനം നികുതിയിൽ നിന്നുള്ള വരുമാനം വളരെ കുറവാണ്. സർക്കാറിന് വലിയ ഗുണങ്ങളൊന്നും നൽകില്ല. മറ്റ് അനുബന്ധ വഴികളിൽ നിന്നുള്ള വരുമാനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലുള്ള 72 ശതമാനം പ്രവാസികളും 200 ദിനാറിൽ താഴെ പ്രതിമാസം വരുമാനം ഉള്ളവരാണ്. നിര്‍ദ്ദേശം നടപ്പിലാക്കിയാൽ അവർ നിയമവിരുദ്ധ ബദൽ മാർഗം തേടുമെന്നും ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും മണിട്രാൻസ്ഫർ ഏജൻസികളെ ദോഷകരമായി ബാധിക്കുമെന്നും അൽ മസ്കതി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം