തൃശൂർ നാട്ടിക സ്വദേശിനി ഫർഹാന ഷെറിൻ്റെ മൃതദേഹമാണ് ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കുന്നത്
റിയാദ്: ഈ മാസം 24ന് സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാർ-സെമീറ ദമ്പതികളുടെ മകൾ ഫർഹാന ഷെറിൻ്റെ (17) മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. ഇന്ന് ഉച്ചക്ക് 1.50ന് ദമ്മാമിൽനിന്ന് പുറപ്പെടുന്ന കോഴിക്കോട് വിമാനത്തിൽ ഇരട്ട സഹോദരി ഫർഹാന ജാസ്മിനും മാതാപിതാക്കളും മൃതദേഹത്തെ അനുഗമിക്കും. സകുടുംബം സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവേ അൽ ഹസ്സ-റിയാദ് റോഡിൽ ഖുറൈസ് പട്ടണത്തിന് സമീപം ഹുറൈറയിലാണ് വാഹനാപകടമുണ്ടായത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് ദമ്മാം മെറ്റേണിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇളയ സഹോദരൻ അക്സൽ ഒഴികെ ബാക്കി കുടുംബാംഗങ്ങളെല്ലാം മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. രാത്രി 10ന് കോഴിക്കോട് എത്തുന്ന മൃതദേഹം ശനിയാഴ്ച രാവിലെ ആറോടെ തൃശുർ നാട്ടികയിലുള്ള വീട്ടിലെത്തിക്കും. വീട്ടിൽ ദർശനത്തിന് വെച്ചശേഷം ഒമ്പതോടെ നാട്ടിക ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
റിയാദ് ബത്ഹയിലെ ഗ്ലോബൽ സോഴ്സ് ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനാണ് സിദ്ധീഖ്. വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങുമ്പോൾ പുലർച്ചെയാണ് കാറിന് പിന്നിൽ ട്രക്ക് ഇടിച്ച് അപകടമുണ്ടാവുന്നത്. പമ്പിൽനിന്ന് പെട്രോൾ നിറച്ച് തിരികെ ഹൈവേയിലേക്ക് കയറുമ്പോൾ പിന്നാലെയെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിന്റെ ആഘാതത്തിൽ കാർ മുഴുവനും തകർന്നു. ഫർഹാന ഷെറിൻ സംഭവസ്‍ഥലത്ത് തന്നെ മരിച്ചു.
റെഡ് ക്രസൻ്റ് ആംബുലൻസ് സംഘം എത്തിയാണ് ഇവരെ തൊട്ടടുത്തുള്ള മെഡിക്കൽ സെൻ്ററിലേക്ക് മാറ്റിയത്. തോളെല്ല് പൊട്ടി അക്സലിന് ഉള്ളിൽ രക്തസ്രാവം ഉണ്ട് എന്ന സംശയത്തെ തുടർന്ന് അന്ന് തന്നെ ദമ്മാം മെറ്റേണിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സിദ്ധീഖിനെ ദമ്മാം മെഡിക്കൽ കോംപ്ലകസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സെമീറയും ഫർഹാന ജാസ്മിനും പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വൈകുന്നേരത്തോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു.


