നിലവില്‍ യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയായിരുന്ന അദ്ദേഹം നേരത്തെ ഉപപ്രധാനമന്ത്രിയായിരുന്നു. തിങ്കളാഴ്ചയായിരുന്നു നിര്യാണം. യുഎഇയില്‍ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം  പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ സഹോദരനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അന്തരിച്ചു. നിലവില്‍ യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയായിരുന്ന അദ്ദേഹം നേരത്തെ ഉപപ്രധാനമന്ത്രിയായിരുന്നു. തിങ്കളാഴ്ചയായിരുന്നു നിര്യാണം. യുഎഇയില്‍ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

സഹോദരന്റെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അനുശോചനം അറിയിച്ചു. രാജ്യം പടുത്തുയര്‍ത്തുന്നതിന് അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചവരും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളുമായിരുന്നു ശൈഖ് സായിദിന്റെ പുത്രന്മാരെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ശൈഖ് സുല്‍ത്താന്റെ മരണത്തില്‍ യുഎഇയിലെ ജനങ്ങളോടും നഹ്‍യാന്‍ കുടുംബത്തോടും ശൈഖ് മുഹമ്മദ് അനുശോചനം അറിയിക്കുകയും ചെയ്തു. തനിക്ക് സഹോദരനെയും പ്രിയപ്പെട്ട സുഹൃത്തിനെയും രാജ്യത്തെ ഏറ്റവും ആദരണീയനായ വ്യക്തികളിലൊരാളെയുമാണ് നഷ്ടമായതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു.

ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി യുഎഇയില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. യുഎഇ പൗരന്മാരും നിരവധി പ്രവാസികളും സോഷ്യല്‍ മീഡിയ വഴി ശൈഖ് സുല്‍ത്താന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ രണ്ടാമത്തെ മകനായ അദ്ദേഹം 1955ല്‍ അല്‍ ഐനിലാണ് ജനിച്ചത്.