കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈക്കത്ത് യുവതിയടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുവൈത്ത് വിട്ട ഇവർ മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നതായാണ് വിവരം.
കോട്ടയം: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികൾ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കേരളത്തില്‍. ബാങ്ക് അധികൃതരുടെ പരാതിയില്‍ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലായി എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി എട്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
വൈക്കത്ത് യുവതിയടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈക്കം സ്വദേശിനിക്കും തലയോലപ്പറമ്പ് വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ബാങ്ക് തെളിവുകൾ ഹാജരാക്കുന്നതോടെ പ്രതികളുടെ എണ്ണം കൂടിയേക്കും. അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫിസർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്. നാലുവർഷം മുമ്പ് കുവൈത്തിലെ ബാങ്കിൽ നിന്ന് ലോൺ എടുത്ത ശേഷം തിരിച്ചടക്കാതെയും ബാങ്കിനെ അറിയിക്കാതെയും ഇവർ രാജ്യം വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കുവൈത്തിൽ നിന്ന് നാടുവിട്ട ഇവർ മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നതായാണ് വിവരം. 60 ലക്ഷം മുതൽ 1.20 കോടി രൂപ വരെ ബാങ്കിന് തിരിച്ചടക്കാനുള്ളവരും ഇക്കൂട്ടത്തിലുണ്ട്. 2020ൽ എടുത്ത വായ്പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈത്തിൽ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്.


