മസ്‌കറ്റ്: ഒമാനില്‍ നവംബറില്‍ ജീവിത ചെലവ് കുറഞ്ഞു. ഉപഭോക്ത്യ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ 1.46 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറിനെ അപേക്ഷിച്ച് പണപ്പെരുപ്പത്തില്‍ 0.09 ശതമാനം കുറവാണുണ്ടായത്.

അതേസമയം ഭക്ഷണ, ആല്‍ക്കഹോള്‍ ഇതര പാനീയ വിഭാഗത്തിലുള്ളവയ്ക്ക് കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് 0.78 ശതമാനം കുറവുണ്ടായി. പഴം, പച്ചക്കറി വിലയില്‍ 0.55 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായിട്ടുള്ളത്. ഭവന, ജല, വൈദ്യുതി, വാതകം, മറ്റ് ഇന്ധനങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിഷിങ്, ഹൗസ് ഹോള്‍ഡ് ഉപകരണങ്ങള്‍, ഗതാഗത ചെലവ് എന്നിവയും കുറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ വര്‍ധിച്ചു. മത്സ്യവും മറ്റ് കടല്‍ വിഭവങ്ങളും, ധാന്യങ്ങള്‍, വെണ്ണ, മുട്ട എന്നവയുടെ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓയില്‍-കൊഴുപ്പ്, ഇറച്ചി എന്നിവയുടെ വിലയില്‍ വര്‍ധനവുണ്ട്.