ന്യൂയോര്‍ക്ക്: നാല് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ദമ്പതികള്‍ മധുവിധു ആഘോഷത്തിനിടെ മരിച്ചു. പാകിസ്ഥാന്‍-അമേരിക്കന്‍ വംശജനായ കോര്‍പ്പറേറ്റ് അറ്റോര്‍ണി മുഹമ്മദ് മാലികും(35), ഭാര്യ ഡോ. നൂര്‍ ഷാ(29)യുമാണ് ആഴ്ചകള്‍ക്ക് മുമ്പ് കരിബീയന്‍ റിസോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.

ബഹമസിലെ ഒരു ഐലന്‍ഡ്‌സ് റിസോര്‍ട്ടിന് സമീപം നീന്തിക്കൊണ്ടിരിക്കെ ദമ്പതികള്‍ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. സഹായത്തിനെത്തിയവര്‍ ഇവരെ കരയ്‌ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാലു ദിവസം മുമ്പാണ് ന്യൂയോര്‍ക്കില്‍ വെച്ച് ഇവര്‍ വിവാഹിതരായത്. മാന്‍ഹാട്ടണിലെ ഓല്‍ഷന്‍ ഫ്രോം വൊളോസ്‌ക്കിയിലെ അറ്റോര്‍ണിയായിരുന്നു മുഹമ്മദ് മാലിക്. ന്യൂയോര്‍ക്ക് യൂണിയവേഴ്‌സിറ്റി ലെങ്കോണ്‍ ഹെല്‍ത്ത് വിഭാഗത്തിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നൂര്‍ ഷാ.

അതേസമയം ദമ്പതികള്‍ മരണപ്പെട്ട റിസോര്‍ട്ടിന് സമീപം നീന്തുന്നവര്‍ക്ക് അടിയൊഴുക്ക് ഉണ്ടായേക്കാമെന്ന സൂചന നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലായിരുന്നെന്ന് മുഹമ്മദ് മാലികിന്റെ പിതാവ് മക്ബൂല്‍ മാലികിനെ ഉദ്ധരിച്ച് 'ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.