മസ്ക്കറ്റ്: കൊവിഡ് 19 മഹാമാരിയെ തുട‍ര്‍ന്ന് മത്രാ വിലായത്തിൽ ഏപ്രിൽ ഒന്ന് മുതൽ നിലനിൽക്കുന്ന ലോക്ക് ഡൗണിൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ അയവുവരുത്തുമെന്ന് ഒമാൻ സുപ്രിം കമ്മറ്റി. അതേസമയം, ഒമാനിൽ കൊവിഡ് 19 വൈറസ്‌ ബാധിച്ചവരുടെ എണ്ണം 1700 കടന്നു. 6800 പേർ നിരീക്ഷത്തിലാണെന്നും ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസൈനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വിലായത്തിനുള്ളിൽ നിബന്ധനകളോട് കൂടി വാണിജ്യപരമായ പ്രവർത്തനങ്ങൾ അനുവദിക്കും. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് രാജ്യത്തിന്റെ മറ്റു വിലായത്തുകളിലും ലോക്ക് ഡൌൺ നടപടികളിൽ അയവു വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. വരുന്ന പതിനാലു ദിവസം കൊവിഡ് 19 വൈറസ്‌ ബാധിതരുടെ എണ്ണം രാജ്യത്ത് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഡോക്ടർ മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസൈനി പറഞ്ഞു.

Read more: നാട്ടിലേക്ക് മടങ്ങാന്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍; കേന്ദ്രാനുമതി കാത്ത് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

ഇപ്പോൾ 39 കൊവിഡ് രോഗികൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 9 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. അതോടൊപ്പം 6807 പേർ നിരീക്ഷണത്തിലുമാണെന്നും ഡോക്ടര്‍ മുഹമ്മദ് സൈഫ് പറഞ്ഞു. ക്വാറന്റൈൻ ആവശ്യത്തിനായി രാജ്യത്തുള്ള 3547 ഹോട്ടൽ മുറികൾ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒമാനിൽ ഇന്ന് 102 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1716 ലെത്തി. 307 പേർ സുഖംപ്രാപിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

Read more: കുവൈത്തിൽ 61 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ്