യുഎഇയും ചൈനയും ചരിത്രപരവും വിശിഷ്ടവുമായ ബന്ധത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചുവെന്നാണ് പുതിയ പദ്ധതിയെക്കുറിച്ച് ശൈഖ് അബ്‍ദുല്ല വിശദീകരിച്ചത്. മാനവികതയ്‍ക്ക് വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തമെന്നും അദ്ദേഹം വാക്സിന്‍ നിര്‍മാണത്തെ വിശേഷിപ്പിച്ചു. 

അബുദാബി: ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിൻ സായിദ് അൽ നഹ്‍യാനും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചേര്‍ന്നാണ് പുതിയ 'ലൈഫ് സയൻസസ് വാക്സിൻ നിർമ്മാണ പദ്ധതിയുടെ' ഉദ്ഘാടനം നിര്‍വഹിച്ചത്. യുഎഇയിലെ ഗ്രൂപ്പ് 42ഉം ചൈനയുടെ സിനോഫാമും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

യുഎഇയില്‍ നിര്‍മിക്കുന്ന വാക്സിന് 'ഹയാത്ത് വാക്സ്' എന്നായിരിക്കും പേര് നല്‍കുക. നേരത്തെ യുഎഇ അധികൃതര്‍ അനുമതി നല്‍കിയ സിനോഫാം വാക്സിന്‍ തന്നെയായിരിക്കും പുതിയ പേരില്‍ യുഎഇയില്‍ നിര്‍മിക്കുന്നത്. ഈ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതും യുഎഇയില്‍ തന്നെയായിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിൽ അബുദാബിയിൽ നടന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷെമി, സഹമന്ത്രി അഹമ്മദ് അലി അൽ സെയ്ഗ് എന്നിവരും പങ്കെടുത്തു.

യുഎഇയും ചൈനയും ചരിത്രപരവും വിശിഷ്ടവുമായ ബന്ധത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചുവെന്നാണ് പുതിയ പദ്ധതിയെക്കുറിച്ച് ശൈഖ് അബ്‍ദുല്ല വിശദീകരിച്ചത്. മാനവികതയ്‍ക്ക് വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തമെന്നും അദ്ദേഹം വാക്സിന്‍ നിര്‍മാണത്തെ വിശേഷിപ്പിച്ചു. കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ആരംഭിച്ച ശ്രമങ്ങൾ തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിന് അനുകരണീയമായ മാതൃകയാണിതെന്നും പദ്ധതി യു‌എഇക്കും ചൈനക്കും മാത്രമല്ല, ലോകമെമ്പാടും പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.