ക്രൂയിസ് കപ്പൽ സീസണിന് ഖത്തറിൽ തുടക്കമായി. 2025/2026 ക്രൂയിസ് സീസണിന് തുടക്കം കുറിച്ചുകൊണ്ട്, ഞായറാഴ്ച ഓൾഡ് ദോഹ പോർട്ട് ടെർമിനലിൽ ആഡംബര ക്രൂയിസ് കപ്പലായ എം.എസ്.സി യൂറിബിയ നങ്കൂരമിട്ടു.
ദോഹ: നീണ്ട വേനൽക്കാലത്തിന് ശേഷം തണുപ്പുകാലമെത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികളുമായെത്തുന്ന ക്രൂയിസ് കപ്പൽ സീസണിന് ഖത്തറിൽ തുടക്കമായി. 2025/2026 ക്രൂയിസ് സീസണിന് തുടക്കം കുറിച്ചുകൊണ്ട്, ഞായറാഴ്ച ഓൾഡ് ദോഹ പോർട്ട് ടെർമിനലിൽ ആഡംബര ക്രൂയിസ് കപ്പലായ എം.എസ്.സി യൂറിബിയ നങ്കൂരമിട്ടു.
5,000 യാത്രക്കാരേയും 1,676 അംഗങ്ങളുള്ള ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് എം.എസ്.സി ക്രൂയിസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.എസ്.സി യൂറിബിയ ദോഹയിൽ എത്തിയത്. എം.എസ്.സി കപ്പലുകളിലെ ഏറ്റവും പുതിയതും വലുതുമായ കപ്പലുകളിൽ ഒന്നാണിത്. 331 മീറ്റർ നീളവും 43 മീറ്റർ വീതിയുമുള്ള ഈ ക്രൂയിസ്, 6,327 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ്. ശുദ്ധവും കൂടുതൽ സുസ്ഥിരവുമായ യാത്രകൾക്കായി ദ്രവീകൃത പ്രകൃതിവാതകമാണ് (എൽ.എൻ.ജി) ഇന്ധനമായി ഉപയോഗിക്കുന്നത്.
2026 മെയ് വരെ നീണ്ടുനിൽക്കുന്ന ക്രൂയിസ് സീസണിലുടനീളം ഓൾഡ് ദോഹ തുറമുഖത്തെ ടെർമിനലിൽ 70 ലധികം ക്രൂയിസ് കപ്പലുകൾ എത്തുമെന്ന് മവാനി ഖത്തർ അറിയിച്ചു. ഖത്തറിന്റെ വിനോദ സഞ്ചാര പദ്ധതികളിൽ സുപ്രധാനമായ ഒന്നാണ് ക്രൂയിസ് ടൂറിസം. ഏപ്രീൽ വരെ നീണ്ടുനിന്ന കഴിഞ്ഞ ക്രൂയിസ് സീസണിൽ കപ്പലുകളുടെയും യാത്രക്കാരുടെയും വരവിൽ റെക്കോഡ് കുറിച്ചിരുന്നു. 87 കപ്പലുകളിലായി 3.96 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ സീസണിൽ ഖത്തറിലെത്തിയത്.


