Asianet News MalayalamAsianet News Malayalam

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മലയാളികളുടെ എണ്ണം നാലായി

ശനിയാഴ്ച രാത്രി വൈകിയാണ് അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പൊന്നാനി പൊലീസ് സ്റ്റേഷന് സമീപം തച്ചാറിന്റെ വീട്ടില്‍ മമ്മാദൂട്ടിയുടെയും ആമിനയുടെ മകനാണ്. 

Death toll of malayali expats in Qatar building collapse incident raised to four as one more dead body identified afe
Author
First Published Mar 27, 2023, 6:40 AM IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ (45) മൃതദേഹമാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. ഇതോടെ നാല് മലയാളികള്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.

ശനിയാഴ്ച രാത്രി വൈകിയാണ് അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പൊന്നാനി പൊലീസ് സ്റ്റേഷന് സമീപം തച്ചാറിന്റെ വീട്ടില്‍ മമ്മാദൂട്ടിയുടെയും ആമിനയുടെ മകനാണ്. ഭാര്യ - രഹ്‍ന. മക്കള്‍ - റിഥാന്‍ (9), റിനാന്‍ (7). ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു ദോഹ അല്‍ മന്‍സൂറയില്‍ നാല് നിലകളുണ്ടായിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്.

മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. പിന്നീട് മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍ (44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരുടെ മൃതദേഹം ശനിയാഴ്ച പകല്‍ തന്നെ കണ്ടെടുത്തു. ഇതിന് ശേഷമാണ് രാത്രിയോടെ അബു ടി മമ്മാദൂട്ടിയുടെ മൃതദേഹവും കണ്ടെടുത്തത്. ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്‍ (26), ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്‍ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് ഇന്ത്യക്കാര്‍.

പാറപ്പുറവന്‍ അബ്‍ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ് അപകടത്തില്‍ മരിച്ച മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി - 48). ഭാര്യ - റബീന. മക്കള്‍ - റന, നദ, മുഹമ്മദ് ഫെബിന്‍. നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ രണ്ട് വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്.  ഖത്തറിലും അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായി നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു. 

ബില്‍ശിയാണ് അപകത്തില്‍ മരിച്ച പൊന്നാനി മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിലിന്റെ ഭാര്യ. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ്. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് ഒരു മാസം മുമ്പാണ് ഖത്തറില്‍ എത്തിയത്. ഭാര്യ - ഇര്‍ഫാന. ഒരു വയസില്‍ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.

Read also: കുവൈത്തില്‍ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

Follow Us:
Download App:
  • android
  • ios