ദുബായ്: കഴിഞ്ഞയാഴ്ചയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാര്‍ വിവാഹിതരായത്. സ്വകാര്യ ചടങ്ങളില്‍ വെച്ചുനടന്ന വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് അതിഥികള്‍ക്ക് നല്‍കിയ ക്ഷണക്കത്താണ് ഇപ്പോള്‍ അറബ് ലോകത്ത് സോഷ്യല്‍ മീഡിയയിലെ താരം.

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്‍ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്‍മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്‍യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്. ശൈഖ് മുഹമ്മദിന്റെ മകള്‍ ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം ആദ്യമായി സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

വിവാഹ ചടങ്ങിലേക്കുള്ള, മധുരം നിറച്ച ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള വലിയൊരു പാത്രം നിറയെയുള്ള പ്രാദേശിക വിഭവം 'ഒമാനി ഹല്‍വയാണ്' ക്ഷണക്കത്തിലെ പ്രധാന ആകര്‍ഷണം. അലങ്കരിച്ച പ്രത്യേക പെട്ടിയിലാണ് ഈ ഹല്‍വപ്പാത്രം. പെട്ടിയുടെ അകത്ത് സ്വര്‍ണനിറത്തില്‍ അറബിയില്‍ ചടങ്ങിന്റെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. മൂന്ന് സഹോദരന്മാരും വിവാഹ ഉടമ്പടിയിലേര്‍പ്പെടുന്ന 'അഖദ്'എന്ന ചടങ്ങിലേക്കാണ് ക്ഷണം.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.