ഏകദേശം 2,117 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റെയിൽവേ പദ്ധതി
ദോഹ: ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹസ്സന്‍ അല്‍താനിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കരാറിന് അംഗീകാരം നല്‍കിയത്. ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളെ ഒരു സംയോജിത റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കാനുള്ള പദ്ധതിയിൽ ഖത്തറിന്റെ സജീവ പങ്കാളിത്തത്തിന് വഴിയൊരുക്കുന്നതാണ് ഖത്തർ മന്ത്രിസഭയുടെ നീക്കം.
ഏകദേശം 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പദ്ധതി, കുവൈത്ത് സിറ്റിയിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യയിലെ ദമ്മാമിലൂടെ കടന്ന്, രണ്ട് സമുദ്ര പാലങ്ങൾ വഴി ബഹ്‌റൈനിലേക്കും ഖത്തറിലേക്കും ശാഖകളായി വ്യാപിക്കും. തുടർന്ന് ഖത്തറിൽ നിന്ന് അബൂദബി വഴി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കും, ഒടുവിൽ ഒമാനിലെ മസ്‌കത്തിലും എത്തിച്ചേരും.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ വ്യാപാരം, സാമ്പത്തിക സംയോജനം, സാമൂഹിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്ന ഒരു പരിവർത്തന പദ്ധതിയായാണ് ജിസിസി റെയിൽവേ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ, യാത്രക്കാർക്ക് ആധുനികവും സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത മാർഗം ലഭ്യമാകും. ഇത് റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിൽ എളുപ്പവും വേഗതയേറിയതുമായ യാത്ര സാധ്യമാക്കി ടൂറിസവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കും. ഒപ്പം അതിർത്തി കടന്നുള്ള വ്യാപാരം വർധിപ്പിക്കുകയും ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും ചെയ്യും.
വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും കൂടി ചെയ്യുന്നതാണ് പദ്ധതി.
ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ്, സാമ്പത്തിക വൈവിധ്യവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും പ്രാദേശിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ ഖത്തർ സജീവമായി പങ്കാളിയാകുന്നത്. അയൽരാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനും പ്രാദേശിക ലോജിസ്റ്റിക്സ്, ഗതാഗത കേന്ദ്രമെന്ന നിലയിൽ സ്വന്തം സ്ഥാനം ശക്തമാക്കാനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത ഈ പദ്ധതി അടിവരയിടുന്നു.


