ഖത്തറിൽ സേവനം തുടങ്ങിയതായി പ്രഖ്യാപിച്ച് ഇലോൺ മസ്ക് 

ദോഹ: ഇലോൺ മസ്കിന്റെ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇനി ഖത്തറിലും ലഭ്യമാകും. ഖത്തറിൽ സ്റ്റാർലിങ്കിന്റെ ലോഞ്ച് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്ക്.

സ്റ്റാർലിങ്ക് ഇപ്പോൾ ഖത്തറിലുടനീളം പ്രവർത്തനക്ഷമമാണെന്നും മേഖലയിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇതെന്നും സ്റ്റാർലിങ്കിന്റെ വരവ് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. ഈ പ്രഖ്യാപനത്തോടെ, സ്റ്റാർലിങ്കിന്റെ നൂതന സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യമായി ഖത്തർ മാറി.

നേരെത്തെ, സ്റ്റാര്‍ലിങ്കുമായി സഹകരിച്ച് വിമാന യാത്രയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്ടിവിറ്റി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേസ് നല്‍കിത്തുടങ്ങിയത്. ശരാശരി 120.6 എംബിപിഎസ് വേഗത്തില്‍ യാത്രക്കാർക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. കണക്റ്റിവിറ്റി ഇന്റലിജൻസ് സ്ഥാപനമായ ഊക്ലയുടെ ഇന്റർനെറ്റ് സ്പീഡ് റിപ്പോർട്ട് പ്രകാരം വിമാനത്തില്‍ നല്‍കുന്ന ഇന്റർനെറ്റ് സേവനത്തില്‍ ഒന്നാമതാണ് ഖത്തര്‍ എയര്‍വേസ്.