മസ്‌കറ്റ്: ഒമാനില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കാര്യക്ഷമത പരിശോധന നടത്തി. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.

ഇതിനായി രാജ്യത്തെത്തുന്ന ഒമാനി പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ് പിസിആര്‍ പരീക്ഷണ ബൂത്തുകള്‍ ക്രമീകരിച്ചതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഒമാന്‍ എയര്‍പോര്‍ട്ട്, ചൈനീസ് കമ്പനിയായ ബി.ജി.ഐയുമായി സഹകരിച്ചാണ് വിമാനത്താവളത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ് പിസിആര്‍ പരീക്ഷണ ബൂത്തുകള്‍ തയാറാക്കിയിരിക്കുന്നത്.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടും ഒപ്പം സുരക്ഷ ഉറപ്പാക്കി കൊണ്ടും മസ്‌കറ്റ് ഇന്റര്‍നാഷണല്‍ വിമാനത്താവളം, സലാല, സുഹാര്‍, ദുക്ം എന്നീ രാജ്യത്തെ വിമാനത്തവാളത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ് പി സി ആര്‍ പരീക്ഷണ ബൂത്തുകള്‍ ക്രമീകരിക്കുന്നതിന്റെ അവസാനഘട്ടത്തില്‍ എത്തിക്കഴിഞ്ഞതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഇരുപത്തിയഞ്ച് ഒമാനി റിയാല്‍ ആണ് പരിശോധന ഫീസ് നല്‍കേണ്ടത്. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും 'താരാസുഡ് പ്ലസ്' അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

താരാസുഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പിസിആര്‍ ടെസ്റ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാന്‍ സാധിക്കും. രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങള്‍  ശേഖരിക്കുന്നതിന് താരാസുഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായകരമാകും. പരിശോധനയ്ക്കായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ പിസിആര്‍ പരീക്ഷണ ബൂത്തുകളില്‍ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

ഏഴു ദിവസം മാത്രം രാജ്യത്ത് താമസിക്കുവാന്‍ എത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചു രാജ്യത്ത് പ്രവേശിക്കാം. ഏഴു ദിവസങ്ങളില്‍ കൂടുതല്‍ ഒമാനില്‍ താമസിക്കുവാന്‍ എത്തുന്ന യാത്രക്കാര്‍ റിസ്റ്റ്ബാന്‍ഡ് ധരിക്കുകയും 14 ദിവസത്തെ ക്വാറന്‍റീനില്‍ കഴിയുകയും വേണം.

എന്നാല്‍ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ യാത്രക്കാര്‍ സ്വയം  ക്വാറന്‍റീനില്‍  പ്രവേശിക്കുകയും വേണം. ഒമാനിലേക്ക് എത്തുന്ന സ്ഥിരതാമസക്കാരായ പ്രവാസികള്‍ക്ക് ചുരുങ്ങിയത് ഒരു മാസം വരെ കൊവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. പതിനഞ്ചു വയസ്സും അതിനു താഴെയുള്ളവരെയും വിമാന ജീവനക്കാരെയും ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.