Asianet News MalayalamAsianet News Malayalam

3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി; നിബന്ധനകള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍

പ്രവാസികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് ജോലി ചെയ്യുന്ന തസ്‍തികയും ശമ്പളവും ഉള്‍പ്പെടെയുള്ള നിരവധി നിബന്ധനകളുണ്ട്. 

Driving licences of 3000 expatriates withdrawn in Kuwait
Author
First Published Jan 6, 2023, 12:46 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂവായിരം പ്രവാസികളുടെ ‍ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ പറഞ്ഞു. ലൈസന്‍സ് എടുക്കുമ്പോള്‍ ഉണ്ടായിരുന്ന തസ്‍തികയില്‍ നിന്ന് ജോലി മാറുകയോ, കുവൈത്തില്‍ ലൈസന്‍സ് എടുക്കുന്നതിന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നിജപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ വരികയോ ചെയ്‍തതു കൊണ്ടാണ് ഇത്രയും പേരുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ഡിസംബര്‍ 15 മുതലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള തീരുമാനം എടുത്തത്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്‍സൈറ്റ് വഴിയും സഹല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. പ്രവാസികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് ജോലി ചെയ്യുന്ന തസ്‍തികയും ശമ്പളവും ഉള്‍പ്പെടെയുള്ള നിരവധി നിബന്ധനകളുണ്ട്. ലൈസന്‍സ് നേടിയ ശേഷം പിന്നീട് തൊഴില്‍ മാറുന്ന പ്രവാസികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനെയും ബദ്ധിപ്പിച്ച് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രവാസികള്‍ക്ക് തങ്ങളുടെ കാര്‍ രജിസ്ട്രേഷന്‍ രേഖകള്‍ പുതുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ഇതുവരെ 23 ലക്ഷത്തിലധികം ഡ്രൈവിങ് ലൈസന്‍സുകള്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുകള്‍ ലഭിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ അവരുടെ പഠന കാലയളവ് അവസാനിക്കുന്നതോടെ റദ്ദാവും. വീട്ടമ്മമാര്‍ക്കും സമാനമായ നിയന്ത്രണം ബാധകമായിരിക്കുമെങ്കിലും അവര്‍ക്ക് ഭര്‍ത്താവിന്റെ തൊഴില്‍ അനുസരിച്ചുള്ള ഇളവ് ലഭിക്കും.

Read also: ഒരു വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് മുപ്പതിനായിരത്തിലധികം പ്രവാസികളെ

Follow Us:
Download App:
  • android
  • ios