Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് മുപ്പതിനായിരത്തിലധികം പ്രവാസികളെ

മയക്കുമരുന്ന് കേസുകളില്‍ പിടിയിലായവര്‍, സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മോഷണം, മദ്യ നിര്‍മാണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പുറമെ കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചതിനും താമസ രേഖകളുടെ കാലാവധി കഴിഞ്ഞ നിലയിലോ, ആവശ്യമായ രേഖകളൊന്നും കൈവശമില്ലാതെയോ പിടിയിലായപ്പോള്‍ നാടുകടപ്പെട്ടവരാണ് ഭൂരിപക്ഷവും.

Over 30000 expats deported from Kuwait over past year as per official records
Author
First Published Jan 4, 2023, 11:44 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തിലധികം പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പ്രതിദിന എണ്ണം കണക്കാക്കുമ്പോള്‍ ദിവസവും 82 പ്രവാസികളെ വീതം നാടുകടത്തുന്നുവെന്നാണ് ശരാശരി കണക്കുകള്‍. ഇവരില്‍ 660 പേര്‍ മാത്രമാണ് കോടതികളിലെ കേസുകളിലെ വിധികള്‍ പ്രകാരം ‍ നാടുകടത്തപ്പെട്ടത്. മറ്റുള്ളവരെ നിയമലംഘനങ്ങളുടെ പേരിലും മറ്റ് കുറ്റകൃത്യങ്ങളുടെ പേരിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാടുകടത്തിയതാണ്.

മയക്കുമരുന്ന് കേസുകളില്‍ പിടിയിലായവര്‍, സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മോഷണം, മദ്യ നിര്‍മാണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് പുറമെ കുവൈത്തിലെ നിയമങ്ങള്‍ ലംഘിച്ചതിനും താമസ രേഖകളുടെ കാലാവധി കഴിഞ്ഞ നിലയിലോ, ആവശ്യമായ രേഖകളൊന്നും കൈവശമില്ലാതെയോ പിടിയിലായപ്പോള്‍ നാടുകടപ്പെട്ടവരാണ് ഭൂരിപക്ഷവും. കുവൈത്തിലെ പൊതുജന താത്പര്യം മുന്‍നിര്‍ത്തി നാടുകടത്തപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

നാടുകടത്തപ്പെട്ടവരില്‍ 17,000 പേര്‍ പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്‍ത്രീകളുമാണ്. പുരുഷന്മാരില്‍ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍. 6400 പേര്‍ ഇന്ത്യക്കാരും 3500 പേര്‍ ബംഗ്ലാദേശ് പൗരന്മാരും 3000 ഈജിപ്തുകാരും ഇവരില്‍ ഉള്‍പ്പെടുന്നു. നാടുകടത്തപ്പെട്ട സ്ത്രീകളില്‍ ഫിലിപ്പൈനികളാണ് ഏറ്റവുമധികം പേര്‍. 3000 ഫിലിപ്പൈനികളെയും 2600 ശ്രീലങ്കക്കാരെയും 1700 ഇന്ത്യക്കാരെയും 1400 എത്യോപ്യക്കാരെയും കഴിഞ്ഞ വര്‍ഷം നാടുകടത്തി.

2021ല്‍ ആകെ 18,221 പ്രവാസികളെയായിരുന്നു കുവൈത്തില്‍ നിന്ന് നാടുകടത്തിയത്. 11,77 പുരുഷന്മാരും 7,044 സ്ത്രീകളുമാണ് അന്ന് നാടുകടത്തപ്പെട്ടത്. ഒരു വര്‍ഷം കൊണ്ട് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാനസിക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരും മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ള പ്രവാസികളെയും നാടുകടത്താനുള്ള നടപടികള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഉടനെ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള പ്രവാസികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ചെറിയ തരത്തിലുള്ള മാനസിക രോഗങ്ങള്‍ ഉള്ളവരെ ഈ തീരുമാനം ബാധിക്കില്ലെന്നുമാണ് സൂചന.

Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

Follow Us:
Download App:
  • android
  • ios