ടെർമിനൽ 3ലാണ് `ഡിഎക്സ്ബി ​ഗ്രീറ്റ് ആൻഡ് ​ഗോ' എന്ന പുതിയ സ്മാർട്ട് പിക് അപ്പ് സേവനം ആരംഭിച്ചിരിക്കുന്നത്

ദുബൈ: ദുബൈ വിമാനത്താവളത്തിൽ അതിഥികൾക്കായി പുതിയ സ്മാർട്ട് പിക്ക് അപ്പ് സർവീസ് ആരംഭിച്ചു. വിമാനത്താവളത്തിന്റെ ടെർമിനൽ 3ലാണ് `ഡിഎക്സ്ബി ​ഗ്രീറ്റ് ആൻഡ് ​ഗോ' എന്ന പുതിയ സ്മാർട്ട് പിക് അപ്പ് സേവനം ആരംഭിച്ചിരിക്കുന്നത്. ഹോട്ടൽ, ലിമോസിൻ അല്ലെങ്കിൽ ടൂർ ഓപ്പറേറ്റർ സേവനങ്ങൾ ഉപയോ​ഗിച്ച് മുൻകൂട്ടി ബുക്ക് ചെയ്ത് ദുബൈയിൽ എത്തുന്നവർക്കായാണ് ഈ സ്മാർട്ട് സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ​ഗസ്റ്റ് പേജിങ്ങിന് പകരമായാണ് ഈ സാങ്കേതിക വിദ്യ.

`ഡിഎക്സ്ബി ​ഗ്രീറ്റ് ആൻഡ് ​ഗോ' ഉപയോഗിച്ച്, ടെർമിനൽ 3ൽ എത്തുന്ന അതിഥികൾക്ക് നിയുക്ത കിയോസ്കുകളിൽ നിന്ന് ക്യു ആർ കോ‍ഡ് സ്കാൻ ചെയ്ത് അവരുടെ നിയുക്ത ഡ്രൈവറുടെയും വാഹനത്തിന്റെയും വിശദാംശങ്ങൾ, പാർക്കിങ് സ്ഥലം, കാർ രജിസ്ട്രേഷൻ നമ്പർ എന്നിവ അറിയാൻ കഴിയും. തുടർന്ന് എയർപോർട്ടിലെ ഓൺ ​ഗ്രൗണ്ട് ജീവനക്കാർ നിയുക്ത ഡ്രൈവറിന്റെയും വാഹനത്തിന്റെയും അരികിൽ യാത്രക്കാരെ എത്തിക്കും. പുതിയ പിക്ക് അപ്പ് സംവിധാനം തിരക്ക് കുറക്കുകയും അതിഥികളുടെ ഒഴുക്ക് മെച്ചപ്പെടുത്തുകയും പ്രൊഫഷണൽ രീതിയിൽ വരവേൽപ്പ് അനുഭവം നൽകുകയും ചെയ്യുന്നു.