Asianet News MalayalamAsianet News Malayalam

റോഡിലെ തടസം നീക്കിയ പ്രവാസിയെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ ദുബൈ കിരീടാവകാശി

യുഎഇയിലെ ഭക്ഷണ വിതരണ കമ്പനിയായ തലബാത്തില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍ അബ്‍ദുല്‍ ഗഫൂര്‍ അബ്‍ദുല്‍ ഹക്കീമാണ് തന്റെ നന്മ നിറ‌ഞ്ഞ പ്രവൃത്തിയിലൂടെ ദുബൈയില്‍ താരമായത്. 

Dubai Crown Prince to meet soon the delivery rider who became hero after a video went viral
Author
Dubai - United Arab Emirates, First Published Aug 1, 2022, 12:16 PM IST

ദുബൈ: റോഡില്‍ വീണുകിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തുമാറ്റുന്ന വീഡിയോയിലൂടെ  വൈറലായ പ്രവാസി യുവാവിനെ തേടി ദുബൈ കിരീടാവകാശി. വീഡിയോ ശ്രദ്ധയില്‍പെട്ട ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രവാസിയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടുകയായിരുന്നു. പിന്നീട് യുവാവിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച ശൈഖ് ഹംദാന്‍, ഉടന്‍ തന്നെ നേരില്‍ കാണാമെന്നും അറിയിച്ചു.

യുഎഇയിലെ ഭക്ഷണ വിതരണ കമ്പനിയായ തലബാത്തില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍ അബ്‍ദുല്‍ ഗഫൂര്‍ അബ്‍ദുല്‍ ഹക്കീമാണ് തന്റെ നന്മ നിറ‌ഞ്ഞ പ്രവൃത്തിയിലൂടെ ദുബൈയില്‍ താരമായത്. അല്‍ഖൂസിലെ ഒരു 
ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോഴാണ് തൊട്ടു മുന്നില്‍ രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ വീണുകിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. മറ്റ് വാഹനങ്ങള്‍ അതില്‍ കയറി അപകടമുണ്ടാകുമെന്ന് മനസിലാക്കിയ അദ്ദേഹം ബൈക്കില്‍ നിന്നിറങ്ങി സിഗ്നലില്‍ വാഹനങ്ങള്‍ പോയിത്തീരുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുക്കുമാറ്റുകയുമായിരുന്നു. ശേഷം തിരികെ വന്ന് ബൈക്കുമെടുത്ത് തന്റെ ജോലി തുടര്‍ന്നു. അബ്‍ദുല്‍ ഗഫൂറിന്റെ പിന്നില്‍ സിഗ്നല്‍ കാത്തു കിടക്കുകയായിരുന്ന കാറിലുണ്ടായിരുന്ന ഒരാളാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തത്.

വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ശൈഖ് ഹംദാന്‍, ദുബൈയിലെ ഈ നന്മ നിറിഞ്ഞ പ്രവൃത്തി അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹത്തെ ആരെങ്കിലും കണ്ടെത്തി തരാനാവുമോ എന്നും ഞായറാഴ്‍ച സോഷ്യല്‍ മീഡിയയിലൂടെ അന്വേഷിച്ചു. ഇയാളെ കണ്ടെത്തിയതായി പിന്നീട് പോസ്റ്റിട്ട ശൈഖ് ഹംദാന്‍, അദ്ദേഹത്തിന് നന്ദി പറയുകയും ഉടന്‍ തന്നെ നേരിട്ട് കാണാമെന്ന് അറിയിക്കുകയുമായിരുന്നു. കിരീടാവകാശി അബ്‍ദുല്‍ ഗഫൂറിനെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്‍തു.

Read also: കോണ്‍ക്രീറ്റ് അവശിഷ്‍ടങ്ങള്‍ തള്ളുന്ന വീഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെ ഉത്തരവാദികളെ നാടുകടത്താന്‍ നിര്‍ദേശം

"പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ അപ്പോള്‍ തോന്നിയത് പോലെ ചെയ്‍തതാണെന്നും, തന്നപ്പോലുള്ള ഒരു ഡെലിവറി ജീവനക്കാരന്‍ അതില്‍ തട്ടി വീണേക്കുമെന്നും ഒരുപക്ഷേ അത് അയാളുടെ മരണത്തിന് വരെ കാരണമായേക്കുമെന്നും ഭയന്നാണ് കട്ടകള്‍ എടുത്തുമാറ്റിയതെന്നും അബ്‍ദുല്‍ ഗഫൂര്‍ പറഞ്ഞു. ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ തന്നെ ഒരു ടാക്സി കാര്‍ കട്ടകളില്‍ ഇടിക്കാനൊരുങ്ങി. ആ കാറിന് അല്‍പം നിയന്ത്രണം നഷ്‍ടമാവുകയും ചെയ്‍തു. ഇതോടെയാണ് അത് ഒരു വലിയ അപകടത്തിന് കാരണമായേക്കുമെന്ന് ഭയന്ന് അപ്പോള്‍ അങ്ങനെ ചെയ്‍തതെന്ന് അദ്ദേഹം പറഞ്ഞു.

ഡെലിവറി കമ്പനിയായ തലബാത്ത് തങ്ങളുടെ ജീവനക്കാരന്റെ സല്‍പ്രവ‍ൃത്തിക്കുള്ള അഭിനന്ദനമായി, നാട്ടിലേക്കുള്ള ഒരു ടിക്കറ്റ് സമ്മാനം നല്‍കി. ഏതാനും മാസം മാത്രം പ്രായമുള്ള മകനെ താന്‍ ഇതുവരെ കണ്ടെട്ടില്ലെന്നും അവനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും 27 വയസുകാരനായ യുവാവ് പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് നാട്ടില്‍ പോയി മകനൊപ്പം സമയം ചെലവഴിക്കാന്‍ തലബാത്ത് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയത്.

Read also: കുവൈത്തില്‍ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ നടപടി

Follow Us:
Download App:
  • android
  • ios