ദുബൈയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട ഐ.എക്സ് 436 വിമാനമാണ്  അടിയന്തിരമായി ഇറക്കിയത്

മസ്കറ്റ്: സാങ്കേതിക തകരാറുകളെ തുടർന്ന് ഒമാനിലെ മസ്കറ്റ് വിമാനത്താവളത്തിൽ ഇറക്കിയ ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ തുടർന്നുള്ള യാത്ര അനശ്ചിതത്വത്തിൽ. ദുബൈയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട ഐ.എക്സ് 436 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം അടിയന്തിരമായി ഇറക്കിയത്. ​

ഗർഭിണികളും കുട്ടികളും ഉൾപ്പടെ 200ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനം മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കുകയാണെന്ന് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ശേഷം രണ്ട് മണിക്കൂറോളം യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെയായിരുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ അധികൃതർക്ക് കഴിയാതെ ആയതോടെ യാത്രക്കാർ ബഹളം വെച്ചു. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കഴിച്ചുകൂട്ടേണ്ടി വന്നതോടെ കുട്ടികൾ അസ്വസ്ഥരാകുകയും കരയാനും തുടങ്ങി. തുടർന്ന് എല്ലാവരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും എയർപോർട്ടിന് സമീപത്തുള്ള ഹോട്ടലിലേക്ക് താമസ സൗകര്യം ഒരുക്കി നൽകുകയുമായിരുന്നു. 

വിമാനത്തിനുള്ളിൽ ഭക്ഷണമോ വെള്ളമോ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ പറയുന്നു. വിമാനത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ പുറപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് ആളുകളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം