കോൾ സെന്‍ററില്‍ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും നിരീക്ഷണത്തിനുമൊടുവിലാണ് സംഘം പിടിയിലായത്.
ദുബൈ: സംഘടിതമായി ഭിക്ഷാടനം നടത്തിയ 41 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയില്‍ വിസിറ്റ് വിസയിലെത്തിയ ഇവര്‍ ഒരു ഹോട്ടലില്‍ താമസിച്ച് ഇവിടം കേന്ദ്രമാക്കിയാണ് ഭിക്ഷാടനം നടത്തിയത്.
ഇവരുടെ പക്കല്‍ നിന്ന് 60,000 ദിര്‍ഹം( 13 ലക്ഷം രൂപ) കണ്ടെടുത്തു. ‘അൽ-മിസ്ബാഹ്’എന്ന കോഡ് പേരിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പ്രധാന വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് സസ്പെക്റ്റ്‌സ് ആൻഡ് ക്രിമിനൽ ഫിനോമെന നടത്തിയ പ്രത്യേക ഓപറേഷനിലാണ് പ്രതികൾ പിടിയിലായത്. 901 കോള്‍ സെന്‍ററില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തസ് ബീഹ് മാല(ജപമാല), പേന, മറ്റു വസ്തുക്കൾ എന്നിവയുടെ വില്പനയുടെ പേരിൽ ചിലർ പൊതുജനങ്ങളിൽ നിന്ന് ഭിക്ഷ വാങ്ങിക്കുന്നതായാണ് വിവരം ലഭിച്ചത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരീക്ഷണം നടത്തി. മൂന്ന് അറബ് വംശജര്‍ ഇവിടെ ഇത്തരത്തിലുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തി ഭിക്ഷ യാചിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതിന് പിന്നില്‍ വലിയ ഭിക്ഷാടന ശൃംഖല തന്നെ ഉണ്ടെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അധികൃതര്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മാനേജ്മെന്‍റുമായി ബന്ധപ്പെട്ടു. 28 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 10 പേരെയും പിടികൂടി. സംഘടിതമായി ഭിക്ഷാടനം നടത്തിയതായി ഇവര്‍ സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ലൈസൻസുള്ള ജീവകാരുണ്യ സംഘടനകളിലൂടെയും ഔദ്യോഗിക ചാനലുകളിലൂടെയുമാണ് സഹായം നൽകേണ്ടതെന്ന് ദുബൈ പൊലീസ് ഓർമ്മപ്പെടുത്തി. ഭിക്ഷാടകരെക്കുറിച്ചുള്ള വിവരം 901 നമ്പറിൽ വിളിച്ച്, ദുബായ് പൊലീസ് സ്മാർട് ആപ്പ്(Dubai Police Smart App), പൊലീസ് ഐ(Police Eye), ഇ-ക്രൈം പ്ലാറ്റ്ഫോം( E-Crime platform) വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്.


