യുഎഇയിൽ വിതരണത്തിനായി എത്തിച്ച 260 കോടിയോളം രൂപ വിലമതിക്കുന്ന 2.3 ടൺ ലഹരിമരുന്നുകൾ ദുബായ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 14 ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് ലഹരിമരുന്ന് കടത്തുന്നവർക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാവുന്നതാണ്.
ദുബായ്: യുഎഇയിൽ വിതരണം ചെയ്യാൻ എത്തിച്ച 115 ദശലക്ഷത്തിലധികം ദിർഹം (ഏകദേശം 260 കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന 2.3 ടൺ ലഹരിമരുന്നുകൾ ദുബായ് പൊലീസ് പിടികൂടി. സംഭവത്തിൽ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 14 ഏഷ്യൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
113 വലിയ പെട്ടികളിലായാണ് വിപണിയിൽ വൻ വിലയുള്ള ഈ നിരോധിത ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. സാണാക്സ്, ട്രമാഡോൾ, ലിറിക്ക തുടങ്ങിയ ലഹരി ഗുളികകൾ, മിഡ്രിയാസിൽ ഐ ഡ്രോപ്സുകൾ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ലഹരിമരുന്ന് ചേർത്ത പേപ്പർ ഷീറ്റുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. രാജ്യത്തിനുള്ളിൽ വലിയ അളവിൽ ലഹരിമരുന്ന് വിതരണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് ശക്തമായ നിരീക്ഷണവും അന്വേഷണവും നടത്തുകയായിരുന്നു.
പ്രതികളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം നടത്തിയ മിന്നൽ പരിശോധനയിലാണ് വിപണിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഇവ പിടികൂടിയത്. പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ സെപ്റ്റംബർ 30-ന് വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് അതിർത്തി വഴി കടത്താൻ ശ്രമിച്ച 16.2 കിലോ ക്രിസ്റ്റൽ മെത്തും ജൂലൈയിൽ നടത്തിയ റെയ്ഡിൽ 200 കിലോ തൂക്കം വരുന്ന 2,78,850 ലഹരി ഗുളികകളും ദുബായ് പൊലീസ് പിടികൂടിയിരുന്നു.
യുഎഇ ഫെഡറൽ നിയമപ്രകാരം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതും വിൽപന നടത്തുന്നതും അതീവ ഗുരുതര കുറ്റകൃത്യമാണ്. വിതരണ ലക്ഷ്യത്തോടെ കടത്തുന്നവർക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാം.


