തന്റെ അറിവില്ലാതെ മകന്‍ കാറുമായി കറങ്ങാന്‍ പോയെന്നും അവനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞാണ് അച്ഛന്‍ പൊലീസിനെ സമീപിച്ചതെന്ന് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് പറഞ്ഞു. 

ദുബൈ: അച്ഛന്റെ കണ്ണുവെട്ടിച്ച് കാറുമായി കറങ്ങാനിറങ്ങിയ 16 വയസുകാരനെ കണ്ടെത്താന്‍ കുടുംബം പൊലീസിന്റെ സഹായം തേടി. ലൈസന്‍സില്ലാതെ കാറോടിച്ച ബാലനെ കണ്ടെത്താന്‍ വിശദമായ അന്വേഷണമാണ് ദുബൈ പൊലീസ് നടത്തിയത്.

തന്റെ അറിവില്ലാതെ മകന്‍ കാറുമായി കറങ്ങാന്‍ പോയെന്നും അവനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞാണ് അച്ഛന്‍ പൊലീസിനെ സമീപിച്ചതെന്ന് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് പറഞ്ഞു. പരാതി ലഭിച്ചതോടെ പട്രോള്‍ സംഘങ്ങള്‍ വിശദമായ പരിശോധന തുടങ്ങി. കാറിനെക്കുറിച്ചും കുട്ടിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പട്രോള്‍ സംഘങ്ങള്‍ക്ക് കൈമാറിയിരുന്നു. വ്യാപക തെരച്ചിലിനൊടുവില്‍ ഒരു പെട്രോള്‍ സ്റ്റേഷന് സമീപം സുഹൃത്തുക്കളോടൊപ്പം ബാലനെയും വാഹനത്തെയും കണ്ടെത്തി. ഉടന്‍ തന്നെ അച്ഛനെ വിവരമറിയിച്ച പൊലീസ്, പിന്നീട് നിയമ നടപടികളും സ്വീകരിച്ചു.

ലൈസന്‍സില്ലാതെ കുട്ടികള്‍ വാഹനം ഓടിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എല്ലാ രക്ഷിതാക്കളും അറിഞ്ഞിരിക്കണമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലിക് പറഞ്ഞു. കുട്ടികള്‍ അപകടത്തില്‍പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് പുറമെ നിയമ നടപടികളും നേരിടേണ്ടിവരും. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താറുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടികളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ഓര്‍മപ്പെടുത്തുന്നതിനൊപ്പം ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങുകയും ചെയ്യും. ഒരിക്കല്‍ കൂടി കുറ്റകൃത്യം ആവര്‍ത്തിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.