കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ദുബൈ: കാറിൽ കുടുങ്ങിപ്പോയ രണ്ട് വയസ്സുകാരനെ രക്ഷപ്പെടുത്തി ദുബൈ പോലീസ്. കുട്ടിയെ കാറിലാക്കി മാതാപിതാക്കൾ ഷോപ്പിങ്ങിനായി മാളിലേക്ക് പോകുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കുട്ടി കാറിനുള്ളിൽ ലോക്കായി. ഷോപ്പിങ് മാളിലെ പാർക്കിങ് സ്ഥലത്തായിരുന്നു വാഹനം ഉണ്ടായിരുന്നത്. കാറിനടുത്തേക്ക് കുട്ടിയുടെ മാതാവ് എത്തിയപ്പോഴാണ് കുട്ടി വാഹനത്തിനുള്ളിൽ കുടുങ്ങിക്കിപ്പോയത് കാണുന്നത്. ഇതിനോടകം തന്നെ കാറിനുള്ളിൽ കുട്ടിക്ക് ശ്വാസ തടസ്സം നേരിടുകയും വെപ്രാളം കാണിക്കാൻ തുടങ്ങുകയും ചെയ്തു.
കുട്ടിയെ രക്ഷിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ ദുബൈ പോലീസിന്റെ സഹായം തേടുകയായിരുന്നു. വിവരം ലഭിച്ചയുടൻ ദുബൈ പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ അതിവേഗം കാറിന് പുറത്തേക്ക് എത്തിക്കുകയും ചെയ്തു. ദുബൈ പോലീസ് നടത്തിയ അതിവേഗ ഇടപെടലിലൂടെയാണ് രണ്ട് വയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായത്. ദുബൈ പോലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂവിലെ രക്ഷാപ്രവർത്തകരാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. യുഎഇയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഒരിക്കലും കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


