ദുബായിൽ നിർത്തിയിട്ട ട്രക്കിന് പിന്നിൽ മിനി ബസ് ഇടിച്ച് ഇന്ത്യൻ തൊഴിലാളികളടക്കം ഏഴ് പേർ മരിച്ചു. മറ്റൊരു വാഹനവുമായി ഇടിച്ച് നിന്ന ട്രക്കിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.
ദുബായ്: ദുബായിൽ വാഹനാപകടത്തിൽ ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ട്രക്കിന് പിന്നിൽ മിനി ബസ് ഇടിച്ചായിരുന്നു അപകടം. മരിച്ചവരിൽ ഇന്ത്യൻ തൊഴിലാളികളുള്ളതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
മറ്റൊരു വാഹനവുമായി ഇടിച്ച് നിന്നുപോയ ട്രക്കില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടമുണ്ടായാൽ വാഹനം റോഡിൽ നിന്ന് മാറ്റിയിടണമെന്നാണ് നിയമമെന്നിരിക്കെ നടുറോഡിൽ തന്നെ കിടന്ന ട്രക്കും, സുരക്ഷിത അകലം പാലിക്കാതെ പാഞ്ഞെത്തിയ മിനി ബസും ദുരന്തത്തിനിടയാക്കി. ട്രക്കിലേക്ക് പിറകിൽ നിന്ന് ഇടിച്ചു കയറി തൊഴിലാളികളുമായി പോയ മിനി ബസ്. ദുബായിലെ തിരക്കേറിയ എമിറേറ്റ്സ് റോഡിൽ ഉച്ചയോടെയായിരുന്നു ദുരന്തം.പതിനാറ് പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. നേപ്പാൾ, ശ്രീലങ്ക സ്വദേശികളായ രണ്ട് പേരും ഇന്ത്യക്കാരുമാണ് മരിച്ചത്. പരിക്കേറ്റ എട്ടുപേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. മുൻപുണ്ടായ അപകടത്തെ തുടർന്ന്, ട്രക്ക് നിർത്തിയിട്ടത്, മിനി ബസ്സിന്റെ ഡ്രൈവർ ശ്രദ്ധിക്കാതിരുന്നതാണ് ദുരന്തം വരുത്തിവെച്ചത്. പൊതുപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമുള്ള ശ്രമം നടക്കുന്നത്.
