പൗരത്വത്തിനുള്ള അപേക്ഷകള്‍ നിയമവിരുദ്ധമായി സ്ഥാപനം സ്വീകരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സ്വത്തിന്റെ വിശദാംശങ്ങളും സ്ഥാപനം പരിശോധിക്കുകയും ചെയ്‍തു. 

ദുബൈ: യുഎഇ പൗരത്വം നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സ്വകാര്യ സ്ഥാപനം അധികൃതര്‍ പൂട്ടിച്ചു. ദുബൈ ഇക്കണോമി അധികൃതരാണ് ഇമിഗ്രേഷന്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. നിക്ഷേപകര്‍ക്കും മറ്റും പൗരത്വം നേടാനുള്ള സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ഇതിന് പണം വാങ്ങുകയും ചെയ്‍തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

പൗരത്വത്തിനുള്ള അപേക്ഷകള്‍ നിയമവിരുദ്ധമായി സ്ഥാപനം സ്വീകരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സ്വത്തിന്റെ വിശദാംശങ്ങളും സ്ഥാപനം പരിശോധിക്കുകയും ചെയ്‍തു. പൗരത്വം നേടാനുള്ള യോഗ്യതയുണ്ടോയെന്ന് അറിയിക്കുന്നതിന് വേണ്ടിയായിരുന്നു ഈ പരിശോധന നടത്തിയിരുന്നത്. 100 ദക്ഷലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സ്വത്ത് ഉള്ളവര്‍ക്ക് പൗരത്വം നേടാന്‍ സഹായം നല്‍കാമെന്നായിരുന്നു വാഗ്ദാനം. അപേക്ഷയുടെ പ്രോസസിങ് ഫീസായി 10,000 ഡോളറാണ് ഈടാക്കിയിരുന്നത്. പൗരത്വത്തിനുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി വിവരം അറിയിക്കുമെന്നും പിന്നീട് അധികൃതര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

ഈ വര്‍ഷം ജനുവരിയില്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ച നിയമഭേദഗതി പ്രകാരം നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് പൗരത്വം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതിനായി എന്തെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കാനുോ അപേക്ഷ സ്വീകരിക്കാനോ ഉള്ള അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. പകരം യോഗ്യരായവരെ യുഎഇ ക്യാബിനറ്റോ, അതത് എമിറേറ്റുകളിലോ ഭരണാധികാരികളുടെ ഓഫീസുകളോ എക്സിക്യൂട്ടീവ് കൌണ്‍സിലുകളോ നാമനിര്‍ദേശം ചെയ്യുകയാണ് ചെയ്യുന്നത്.