പ്രവാചക പള്ളിയിലേക്ക് ദിവസം 18 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് നടത്തും

റിയാദ്: വ്രത കാലമായ റമദാൻ മാസത്തിന്റെ ആരംഭം പ്രമാണിച്ച് മദീനയിൽ ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു. മാർച്ച് ഒന്നിനാണ് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. നോമ്പു കാലത്ത് താമസക്കാർക്കും സന്ദർശകർക്കും ​ഗതാ​ഗതം സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്രവാചക പള്ളിയിലേക്ക് ദിവസം 18 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് നടത്തും. എന്നാൽ അൽ സലാം, സയ്യിദ് അൽ ഷുഹദ സ്റ്റേഷനുകളിൽ 24 മണിക്കൂർ സേവനവുമുണ്ടാകും.ഔദ്യോ​ഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 20 ലക്ഷത്തോളം ആൾക്കാരാണ് മദീന ബസ് സർവീസ് ഉപയോ​ഗപ്പെടുത്തിയത്. റമദാനിൽ ഇവിടേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നതിനാൽ ബസ് ഫ്ലീറ്റ്, പ്രവർത്തന സമയം, സ്റ്റോപ്പ് പോയിന്റുകൾ എന്നിവ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. 

read more: അണി നിരന്നത് 633 കലാകാരന്മാർ, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മെ​ഗാ അർദ സൗദിയ

മദീന വികസന അതോറിറ്റിയുടെ പദ്ധതിയുടെ ഭാ​ഗമായാണ് ഷട്ടിൽ ബസ് സർവീസുകൾ കൊണ്ടുവന്നത്. ഇത് പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ആകെ 106 സ്റ്റോപ്പിങ് പോയിന്റുകൾ ഉണ്ടായിരിക്കും. മേഖലയിലെ പ്രധാന പള്ളികൾ, ചരിത്രപരമായ സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റൂട്ടുകളിലൂടെയാകും ബസ് കടന്നുപോവുക. ​ഗതാ​ഗതക്കുരുക്ക് കുറച്ചുകൊണ്ട് പള്ളിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ​ഗതാ​ഗതം സു​ഗമമാക്കുന്നതിനാണ് ഷട്ടിൽ ബസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.