പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പല നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട് വിദ്യാഭ്യാസ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ദോഹ: ഖത്തറില്‍ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. മെയ് എട്ട് വരെ രാജ്യത്ത് പൊടിക്കാറ്റ് തുടരുമെന്നും ഇത് വായുഗുണനിലവാരം, കാഴ്ചാപരിധി, കാലാവസ്ഥ സ്ഥിതിഗതികള്‍ എന്നിവയെ ബാധിക്കുമെന്നും ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊടിക്കാറ്റിന് കണക്കിലെടുത്ത് തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ചാ പരിധി കുറയും. അറേബ്യൻ പെനിന്‍സുലയില്‍ പൊടിക്കാറ്റ് തുടരുന്നതിനാല്‍ ഖത്തറിലും പൊടിക്കാറ്റ് ശക്തമാകുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടിന് വെളിയില്‍ പോകുമ്പോള്‍ സൺഗ്ലാസ് വെക്കണമെന്നനും മാസ്ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്കൂളിലെത്തിയാല്‍ പുറത്തിറങ്ങാതിരിക്കുക, കണ്ണ് തിരുമ്മരുത്, ആസ്തമയോ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുക എന്നിങ്ങനെയാണ് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍.


