ഒമ്പത് ഐഫോൺ പ്രോ മാക്സ് ഫോണുകൾ ഓർഡർ ചെയ്ത് വീട്ടിലെത്തി നോക്കിയ യുവാവ് ഞെട്ടി. ഫോണുകൾക്ക് പകരം കണ്ടത് പഴയ ഇരുമ്പ് പൂട്ടുകൾ. പെട്ടി തുറന്നു നോക്കിയപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം യുവാവ് തിരിച്ചറിഞ്ഞത്.
കുവൈത്ത് സിറ്റി: ഒമ്പത് ഐഫോൺ പ്രോ മാക്സ് ഫോണുകൾ ഓർഡർ ചെയ്ത പ്രവാസിക്ക് ലഭിച്ചത് പഴയ ഇരുമ്പ് പൂട്ടുകൾ. കുവൈത്തിലാണ് ഇന്ത്യൻ പ്രവാസി തട്ടിപ്പിനിരയായത്. ഒരു മൊബൈൽ ഷോപ്പ് ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരനാണ് അതീവ തന്ത്രപരമായ നീക്കത്തിലൂടെ 3,838 കുവൈത്ത് ദിനാർ (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്തത്. 1986ൽ ജനിച്ച ഇന്ത്യൻ പ്രവാസിയാണ് തട്ടിപ്പിനിരയായത്. വിപണിയിൽ 5,000 ദിനാറിന് മുകളിൽ വിലവരുന്ന 9 ഐഫോണുകൾ, ഒരു ആപ്പിൾ വാച്ച്, ഹെഡ്‌ഫോണുകൾ എന്നിവ കുറഞ്ഞ വിലയ്ക്ക് (3,838 ദിനാർ) നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തു. താൻ ജോലി ചെയ്യുന്ന മൊബൈൽ ഷോപ്പ് അടച്ച ശേഷം രാത്രിയിൽ നേരിട്ടെത്തി സാധനങ്ങൾ കൈമാറാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് പണം കൈപ്പറ്റി ഐഫോൺ പെട്ടികൾ കൈമാറി പ്രതി സ്ഥലം വിട്ടു.
വീട്ടിലെത്തി പെട്ടികൾ തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവന്നത്. പുതിയ ഐഫോണുകൾക്ക് പകരം പഴയ ഇരുമ്പ് പൂട്ടുകളായിരുന്നു പെട്ടികൾക്കുള്ളിൽ. ആപ്പിൾ വാച്ചിന് പകരം ഒരു ചെറിയ പൂട്ടും ഹെഡ്‌ഫോണിന്‍റെ പെട്ടി കാലിയുമായിരുന്നു. അതീവ ആസൂത്രിതമായിരുന്നു ഈ തട്ടിപ്പ്. പണം കൈപ്പറ്റി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി കുവൈത്ത് വിട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജഹ്‌റ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


