ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള കുഞ്ഞിനെ തുടര്‍ ചികിത്സക്കായാണ് വിമാനത്തില്‍ കൊണ്ടുപോയത്. എന്നാല്‍ യാത്ര പൂര്‍ത്തിയാകുന്നതിന് മുമ്പ് കുഞ്ഞിന്‍റെ ആരോഗ്യ നില വഷളാകുകയായിരുന്നു. 

ചെന്നൈ: ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി ചെന്നൈയിലേക്ക് പറന്ന എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. മൗറീഷ്യസില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത കുഞ്ഞാണ് വിമാനത്തില്‍ മരണപ്പെട്ടത്. എയര്‍ മൗറീഷ്യസ് വിമാനത്തിലാണ് സംഭവം.

തിങ്കളാഴ്ച പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരായ മോനിഷ് കുമാര്‍ (37)- പൂജ (32) ദമ്പതികളുടെ മകള്‍, എട്ട് ദിവസം മാത്രം പ്രായമുള്ള ലെഷ്നയാണ് മരിച്ചത്. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ലെഷ്നയെ വിദഗ്ധ ചികിത്സക്കായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയയായിരുന്നു. ഇതിനായുള്ള യാത്രക്കിടെയാണ് മരണം. ചെന്നൈ വിമാനത്താവളത്തില്‍ എത്താറായപ്പോഴേക്കും കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു.

ഉടന്‍ തന്നെ പൈലറ്റ്, എയര്‍ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് ലാന്‍ഡിങിന് മുന്‍ഗണന അനുവാദം ആവശ്യപ്പെട്ടു. വൈകിട്ട് ആറ് മണിക്ക് വിമാനം ചെന്നൈ എയര്‍പോര്‍ട്ടിലിറങ്ങി. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം വിമാനത്തിലെത്തി കുഞ്ഞിനെ പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി എഗ്മോര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മൗറീഷ്യയിലേക്ക് തിരികെ 6.35ന് പോകേണ്ട വിമാനം, ഈ സംഭവത്തെ തുടര്‍ന്ന് വൈകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...