ദുബൈ: ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ദുബൈയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സ് വിമാനങ്ങള്‍ വഴി ദുബൈയിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്യുകയാണ് വിമാനക്കമ്പനി. ദുബൈ ടൂറിസവുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി ഒരുക്കിയിരിക്കുന്നത്.

2020 ഡിസംബര്‍ ആറ് മുതല്‍ 2021 ഫെബ്രുവരി 28 വരെ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക.  എമിറേറ്റ്സിലെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു ദിവസവും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ട് ദിവസവും പഞ്ചനക്ഷത്ര താമസ സൗകര്യം സൗജന്യമായി ലഭിക്കും. ശൈത്യകാലം ആരംഭിച്ചതോടെ ദുബൈയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.