തെറ്റായ ദിശയില്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് നിലവിലുള്ളതിനാൽ കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ചതോടെ ഒരു ഇന്ത്യൻ പ്രവാസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
ദില്ലി: ഇന്ത്യയിൽ തെറ്റായ ദിശയില്‍ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് നിലവിലുള്ളതിനാൽ കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ചതോടെ ഒരു ഇന്ത്യൻ പ്രവാസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അദ്ദേഹത്തിന്‍റെ ദീർഘകാലമായുള്ള ഗൾഫിലെ ജോലിയും താമസവും പ്രതിസന്ധിയിലായിരിക്കുകയാണ്. മഹിസാഗർ സ്വദേശിയായ 46-കാരൻ മോഹ്‌സിൻ സൂർത്തി കഴിഞ്ഞ 25 വർഷമായി കുവൈത്തിൽ സാധുവായ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നയാളാണ്. എംബസി പാസ്‌പോർട്ട് നിഷേധിച്ചത് കാരണം താൻ നാടുകടത്തൽ ഭീഷണിയും ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നുള്ള സ്ഥിരമായ വിലക്കും നേരിടുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
2016-ൽ ഇഷ്യൂ ചെയ്ത സൂർത്തിയുടെ പാസ്‌പോർട്ടിന്‍റെ കാലാവധി 2026 ജനുവരി 30ന് അവസാനിക്കും. 2025 ഓഗസ്റ്റ് 7ന് അദ്ദേഹം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പാസ്പോര്‍ട്ട് പുതുക്കലിനായി അപേക്ഷ നൽകിയെങ്കിലും ഓഗസ്റ്റ് 25-ന് ഇന്ത്യയിലെ ക്രിമിനൽ കേസ് കാരണം അപേക്ഷ നിരസിച്ചതായി അറിയിപ്പ് ലഭിച്ചു. കേസ് ക്ലോസ് ചെയ്ത റിപ്പോർട്ടോ കോടതി ഉത്തരവോ ഉണ്ടെങ്കിൽ മാത്രമേ താത്കാലിക പാസ്‌പോർട്ടെങ്കിലും ലഭിക്കൂ എന്നും എംബസി അധികൃതർ സൂർത്തിക്ക് നിർദ്ദേശം നൽകി. 2024ൽ ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ ലുണവാഡാ പൊലീസ് സ്റ്റേഷനിൽ റോങ്ങ് സൈഡ്, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയ്ക്ക് തന്‍റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സൂർത്തി പിന്നീട് മനസ്സിലാക്കി. അഭിഭാഷകൻ വഴി ഈ വിഷയം തീർപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും, വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് എംബസി പാസ്‌പോർട്ട് പുതുക്കി നൽകാത്തത്.
ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയും സാധുവായ യാത്രാരേഖകൾ ഇല്ലാത്തതിനാൽ കേസ് തീർപ്പാക്കാൻ സാധിക്കാത്ത അവസ്ഥയും വന്നതോടെ, സൂർത്തി ഭാര്യ മുഖേന ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംബസിയുടെ അറിയിപ്പ് ലഭിച്ചപ്പോഴാണ് നിലവിലുള്ള കേസിനെക്കുറിച്ച് താൻ അറിഞ്ഞതെന്നും, ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസിംഗ് വഴിയോ നേരിട്ടോ നിയമനടപടികളിൽ പങ്കെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.


