വിമാനത്താവളത്തിലെ എക്സ്റെ മെഷീനിലൂടെ കടന്നുപോകവെ ഇയാളുടെ വയറിന്റെ വലതുവശത്ത് ചെറിയ കറുത്ത പൊട്ടുകള്‍ പോലുള്ള ചില വസ്‍തുക്കള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍ യുവാവിനെ തടഞ്ഞുവെച്ചു.

മനാമ: മയക്കുമരുന്നുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി യുവാവിന് 15 വര്‍ഷം ജയില്‍ ശിക്ഷ. കഴിഞ്ഞ ദിവസം ലോവര്‍ ക്രിമിനല്‍ കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. 470 ഗ്രാം ഹാഷിഷാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്. വയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കൊണ്ടുവന്നത്.

32 വയസുള്ള പാകിസ്ഥാന്‍ സ്വദേശിയാണ് അറസ്റ്റിലായത്. നാട്ടില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഇയാള്‍79 മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങിയിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. വില്‍പന നടത്താനായിട്ടാണ് മയക്കുമരുന്ന് ബഹ്റൈനിലേക്ക് കൊണ്ടുവന്നതെന്ന് വിചാരണയില്‍ തെളിഞ്ഞു. 15 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് പുറമെ 5000 ദിനാര്‍ പിഴയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്.

ബഹ്റൈനിലേക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നതിന് ഒരു മയക്കുമരുന്ന് കടത്ത് സംഘം പ്രതിക്ക് 1000 ദിനാര്‍ പ്രതിഫലം വാഗ്ദാനം ചെയ്‍തിരുന്നു. ഒപ്പം എത്തിക്കുന്ന മയക്കുമരുന്നിന്റെ ഒരു ഭാഗം സ്വന്തം ഉപയോഗത്തിനായി നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്‍തിരുന്നതായി പ്രതി പറഞ്ഞു. എന്നാല്‍ വിമാനത്താവളത്തിലെ എക്സ്റെ മെഷീനിലൂടെ കടന്നുപോകവെ ഇയാളുടെ വയറിന്റെ വലതുവശത്ത് ചെറിയ കറുത്ത പൊട്ടുകള്‍ പോലുള്ള ചില വസ്‍തുക്കള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നിയ കസ്റ്റംസ് ഓഫീസര്‍ യുവാവിനെ തടഞ്ഞുവെച്ചു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മയക്കുമരുന്ന് കടത്താനുള്ള പദ്ധതിയായിരുന്നുവെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നീട് പ്രത്യേക മരുന്ന് നല്‍കി ഇയാളുടെ ശരീരത്തില്‍ നിന്ന് മയക്കുമരുന്ന് ഗുളികകള്‍ പുറത്തെടുത്തു. മൂത്രം പരിശോധിച്ചപ്പോള്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതായും ഇയാള്‍ മയക്കുമരുന്ന് കടത്തിയതിന് പുറമെ അത് ഉപയോഗിക്കുകയും ചെയ്‍തിരുന്നതായും കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.

Read also: ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തി; മന്ത്രിയുടെ നേതൃത്വത്തിലും പരിശോധന