റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസി മരിച്ചു. അപകടം പെട്ടെന്നുണ്ടായതാണെന്നും കൂട്ടിയിടി ഒഴിവാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ഡ്രൈവർ അധികൃതരെ അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും ഫോറൻസിക് ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. ജാബർ അൽ-അലിക്ക് സമീപം നടന്ന വാഹനാപകടത്തിൽ ഒരു കുവൈത്തി പൗരൻ ഓടിച്ച കാർ ഇടിച്ചാണ് നാല്‍പ്പത് വയസ്സുള്ള ഏഷ്യൻ പ്രവാസി മരിച്ചത്. താൻ വാഹനമോടിക്കുന്നതിനിടെ ഒരാളെ ഇടിച്ചതായി 30 വയസ്സുള്ള കുവൈത്തി പൗരൻ തന്നെയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ വിളിച്ച് അധികൃതരെ അറിയിച്ചത്. അടിയന്തിരമായി രക്ഷാ പൊലീസ്, ആംബുലൻസ് പട്രോൾ സംഘങ്ങൾ സംഭവസ്ഥലത്തേക്ക് തിരിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസിയെയാണ് കാർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടം പെട്ടെന്നുണ്ടായതാണെന്നും കൂട്ടിയിടി ഒഴിവാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും ഡ്രൈവർ അധികൃതരെ അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും ഫോറൻസിക് ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. അതിനുശേഷം പ്രവാസിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബന്ധപ്പെട്ട മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. അപകടത്തിന്‍റെ യഥാർത്ഥ സാഹചര്യം കണ്ടെത്താൻ അധികൃതർ അന്വേഷണം തുടരുകയാണ്. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


