സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂർ സ്വദേശി ഉസ്മാനാണ് കിടപ്പാടം സുഹൃത്തിന് ലോണെടുക്കാനായി ഈട് നൽകിയത്

റിയാദ്: സുഹൃത്തിനെ സഹായിക്കാനായി സ്വന്തം കിടപ്പാടം പണയപ്പെടുത്തിയതോടെ പ്രവാസി മലയാളി ജപ്തി ഭീഷണിയിൽ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂർ സ്വദേശി ഉസ്മാനാണ് തന്റെ കിടപ്പാടം സുഹൃത്തായ നിഷാന്ത് കണ്ണന് ലോണെടുക്കാനായി ഈട് നൽകിയത്. എന്നാൽ സുഹൃത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.

മൂന്ന് വർഷം മുൻപ് ഉസ്മാൻ വീടിന്റെ ആധാരം പണയപ്പെടുത്തി സ്വന്തം ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ ലോണെടുത്തിരുന്നു. ഇതിനുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകിയിരുന്നത് ഉറ്റസുഹൃത്തും പൊതു പ്രവർത്തകനുമായ നിഷാന്ത് കണ്ണനായിരുന്നു. ലോണെടുത്ത തുക ഉസ്മാൻ കൃത്യമായി തിരിച്ചടക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് ഉസ്മാന്റെ വീടിന്റെ ആധാരം പണയം വെച്ച് നിഷാന്ത് 12 ലക്ഷം രൂപ ലോണെടുത്തു. നിലമ്പൂർ അർബൻ ബാങ്കിൽ നിന്നുമാണ് ലോണെടുത്തത്. പലിശ പെരുകി 19 ലക്ഷത്തോളം അടച്ചുതീർക്കാനുണ്ട്. തുക പൂർണമായും അടച്ചുതീർത്താലെ ബാങ്ക് ജപ്തി ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് പിന്മാറി ആധാരം തിരിച്ച് നൽകുകയുള്ളു.

തുവ്വൂർ പഞ്ചായത്ത് മെമ്പർ കൂടിയായിരുന്ന നിഷാന്ത് മരണപ്പെടുന്നത് 2023 ഏപ്രിലിൽ ആണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന നിഷാന്ത് മരണപ്പെട്ടതോടെ ദിവസേനയുള്ള ചെലവിനുള്ള വക പോലും കണ്ടെത്താൻ പാടുപെടുന്ന നിഷാന്തിന്റെ ഭാര്യക്ക് ലോൺ തിരിച്ചടക്കാനുള്ള തുക കണ്ടെത്താൻ യാതൊരു വഴിയുമില്ലാതെയായി. ഇതോടെ ഭാരിച്ച തുകയ്ക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് നിഷാന്തിന്റെ ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം. തുക തിരിച്ചടക്കാനാകാതെ വലിയ കടക്കെണിയിലാണ് പ്രവാസിയായ ഉസ്മാനും അകപ്പെട്ടിരിക്കുന്നത്. കുറഞ്ഞ ശമ്പളത്തിന് സൗദിയിൽ ജോലി ചെയ്യുന്ന ഉസ്മാനും വീട്ടിലെ ചെലവും മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയുമായി പ്രതിസന്ധിയിൽ മുങ്ങിയിരിക്കുകയാണ്. ഇപ്പോൾ പണം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

നിഷാന്തിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകാനും ഉസ്മാന്റെ ലോൺ അടച്ചുതീർക്കാനുമായി നാട്ടുകാർ ചേർന്ന് കണ്ണൻ കുടുംബ സഹായ സമിതിയുണ്ടാക്കിയെങ്കിലും തിരിച്ചടയ്ക്കേണ്ട പണത്തിന്റെ നാലിലൊന്ന് പോലും സമാഹരിക്കാൻ കഴിഞ്ഞില്ല. നിഷാന്തിന് മറ്റ് ബാങ്കുകളിലും ബാധ്യതയുണ്ടായിരുന്നു. ബാങ്കുമായി സംസാരിച്ചപ്പോൾ ലോണെടുത്ത തുക ഒന്നിച്ച് അടച്ചാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പലിശ ഒഴിവാക്കി ലോൺ ക്ലോസ് ചെയ്യാമെന്ന് പറഞ്ഞു. സഹായ സമിതി സമാഹരിച്ച തുകയിൽ നിന്ന് നിഷാന്തിന്റെ മറ്റ് ബാങ്കുകളിലെ കടം തീർത്തു.

കിടപ്പാടം മാത്രം കൈവശമുള്ള ഒരാൾ അത് പണയപ്പെടുത്തി ഉറ്റസുഹൃത്തിനെ സഹായിച്ചത് ഹൃദയവിശാലത കൊണ്ടാണെന്നും ഉസ്മാന്റെയും നിഷാന്തിന്റെയും കുടുംബത്തെ സംരക്ഷിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണെന്നും നാട്ടുകാരനും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ സിദ്ദീഖ് തുവ്വൂർ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിദ്ദീഖ് തുവ്വൂർ (00966508517210), ഇസ്ഹാഖ് (8113910218) എന്നിവരെ ബന്ധപ്പെടാം.