അബുദാബിയിലെ അൽ മുശ്രിഫ് കൊട്ടാരത്തിൽ വെച്ചാണ് സ്വീകരണച്ചടങ്ങുകൾ നടന്നത്.

ദുബൈ: ബലി പെരുന്നാളിനോടനുബന്ധിച്ച് സുപ്രീം കൗൺസിൽ അംഗങ്ങളെയും എമിറേറ്റ്‌സ് ഭരണാധികാരികളെയും കിരീടാവകാശികളെയും ഉപ ഭരണാധികാരികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അതിഥികൾക്ക് ഊഷ്മളമായ സ്വീകരണവും ഈദ് ആശംസകളും കൈമാറി. അബുദാബിയിലെ അൽ മുശ്രിഫ് കൊട്ടാരത്തിൽ വെച്ചാണ് സ്വീകരണച്ചടങ്ങുകൾ നടന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, സുപ്രീം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖ്ർ അൽ ഖാസിമി എന്നിവർ ബലി പെരുന്നാളിനോടനുബന്ധിച്ച് അൽ മുശ് രിഫ് കൊട്ടാരത്തിൽ എത്തിച്ചേർന്നു. എല്ലാ എമിറേറ്റുകളിലെയും കിരീടാവകാശികളും ചടങ്ങിൽ പങ്കെടുത്തു. സർവ്വശക്തനായ ദൈവം യുഎഇയെ പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിൽ തുടർന്നും നയിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രത്യാശ പ്രകടിപ്പിച്ചു.