കുവൈത്തിലെ ഫഹീഹീല്‍ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയ ശേഷം യുവതി പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. ഇതേ കെട്ടിടത്തിലെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയ ശേഷമായിരുന്നു ആത്മഹത്യ. കെട്ടിടത്തിന്റെ ജനലിലൂടെയാണ് ഫിലിപ്പൈന്‍സ് യുവതി താഴേക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി പീഡനം; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
ദുബൈ: 50 വയസുകാരിയെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വിദേശിക്ക് ശിക്ഷ വിധിച്ചു. യൂറോപ്യന്‍ വനിതയാണ് ബലാത്സംഗത്തിനിരയായത്. പ്രതിക്ക് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച ദുബൈ ക്രിമിനല്‍ കോടതി, ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാളെ നാടുകടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പ്രതിക്കെതിരെ പീഡനത്തിനിരയായ സ്‍ത്രീ പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയത്. ബിസിനസുകാരനാണെന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. വലിയൊരു അപ്പാര്‍ട്ട്മെന്റ് സ്വന്തമായുണ്ടായിരുന്ന ഇയാള്‍, അപ്പാര്‍ട്ട്മെന്റ് ആകര്‍ഷകമായ വിലയ്‍ക്ക് വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്‍തു.

അപ്പാര്‍ട്ട്മെന്റ് കാണാനായാണ് പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാള്‍ അവിടേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് പ്രതിയുടെ താമസ സ്ഥലത്തെത്തിയ ഇവരെ അയാള്‍ കടന്നുപിടിക്കുകയായിരുന്നു. വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോവുകയും അവിടെ പൂട്ടിയിടുകയും ചെയ്‍തെന്നും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്‍തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.