തിരുവനന്തപുരം: ബഹ്‌റൈനിലേക്ക് പോകാനെത്തിയ പ്രവാസികള്‍ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത് മണിക്കൂറുകള്‍. മൂന്നു മണിക്കൂറോളമാണ് യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. 

 വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നും പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. ഈ വിമാനത്തില്‍ ലോക്ക് ഡൗണിന് മുമ്പ് നാട്ടിലെത്തിയതില്‍ തിരികെ ബഹ്‌റൈനിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് യാത്രാനുമതി നല്‍കിയിരുന്നു.

എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയവരോട് ബഹ്റൈനില്‍ നിന്നുള്ള അനുമതി ലഭിച്ചില്ല എന്ന കാരണമാണ് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ ചൂണ്ടിക്കാട്ടിയതെന്നാണ് ആരോപണം. മണിക്കൂറുകളോളമാണ് പ്രവാസികളെ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തുനിര്‍ത്തിയതെന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാരിലൊരാളായ ഷജീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പിന്നീട്  ഇവരെ എയര്‍പോര്‍ട്ടിന് അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. 

താമസ വിസയുളളവര്‍ രാജ്യത്തേക്ക് വരുന്നതിന് വിലക്കില്ലെന്ന് ബഹ്‌റൈന്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അനുമതി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതര്‍ യാത്രക്കാരെ വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയതെന്നാണ് ആരോപണം. 47,500 രൂപയാണ് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് വിമാനത്താവളത്തിന് പുറത്തുള്ള ദീര്‍ഘനേരത്തെ കാത്തിരിപ്പും. തിരുവനന്തപുരത്ത് നിന്നും ബഹ്റൈനില്‍ എത്തുന്ന വിമാനം തിരികെ പ്രവാസികളുമായി കോഴിക്കോട് എത്തിച്ചേരും.

ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍

'വന്ദേ ഭാരത്' ഉപയോഗിച്ച് അനര്‍ഹര്‍; ബിആര്‍ ഷെട്ടിയുടെ കമ്പനിയിലെ ഉന്നതര്‍ നാട്ടിലെത്തിയെന്ന് റിപ്പോര്‍ട്ട്